“അയ്യോ.. വിക്രം!” മറിയ കരഞ്ഞു. “അന്ന് ദേഷ്യത്തില്‍ ഞാൻ അറിയാതെ പറഞ്ഞു പോയതാണ്, വിക്രം. നിന്നെ ഞാൻ അങ്ങനെ ഒന്നും കരുതിയിട്ടില്ല.”
“ദേഷ്യത്തില്‍ ആണെങ്കിലും, നിന്റെ മനസ്സിലെ ചിന്ത ആണല്ലോ വാക്കുകളായി മാറിയത്.” ഞാൻ പറഞ്ഞു.
അതിന് മറുപടി ഒന്നും മറിയക്ക് പറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞാൻ തുടർന്നു,
“മറിയയുടെ പ്രശ്നങ്ങള്‍ തുടങ്ങിയ സമയത്ത് ഞാൻ ഏത് നേരവും മറിയക്കൊപ്പം തന്നെ ഉണ്ടായിരുന്നു, നിന്റെ സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം നിനക്ക് ടെൻഷൻ കൂടി നി എന്നോട് വെറുപ്പിക്കുന്ന അത്തരത്തില്‍ സംസാരിച്ചപ്പോൾ പോലും ഞാൻ ദേഷ്യപ്പെടാതെ കൂടേ തന്നെ ഉണ്ടായിരുന്നു. എന്നെ കൊണ്ട് കഴിയാവുന്ന എല്ലാ കാര്യങ്ങളും ഞാൻ നിനക്ക് ചെയ്തും തന്നിരുന്നു. നിന്റെ മാനസികാവസ്ഥ മനസ്സിലാക്കി കൊണ്ട് നിന്റെ അപ്പോഴത്തെ ആ പ്രശ്നങ്ങൾ എല്ലാം അവസാനിക്കുന്നത് വരെയും ഞാൻ നിന്നെ കുറ്റപ്പെടുത്താതെ കൂടെ തന്നെ നിന്നു.”
“ശരിയാണ് വിക്രം, നി കാരണമാണ് എന്റെ എല്ലാം പ്രശ്‌നങ്ങളേയും ഞാൻ തരണം ചെയ്തതും, ഇപ്പോൾ നന്നായി ജീവിക്കുന്നതും. അതെനിക്ക് മറക്കാനേ കഴിയില്ല.” മറിയ കണ്ണീരോടെ പറഞ്ഞു.
ഞാൻ വേദനയോടെ പുഞ്ചിരിച്ചു.
“പക്ഷേ, എനിക്കൊരു പ്രശ്നം വന്നപ്പോ മറിയ എന്താണ് ചെയ്തത്?” സങ്കടത്തോടെ ഞാൻ ചോദിച്ചു.
ഉടനെ കുറ്റബോധത്തിൽ കരഞ്ഞു കൊണ്ട് മറിയ തല താഴ്ത്തി നിന്നു.
“എന്റെ പ്രശ്‌നങ്ങള്‍ കാരണം മാനസികമായി തകർന്നിരുന്ന ഞാൻ, അന്ന് ദേഷ്യത്തില്‍ അങ്ങനെയൊക്കെ പറഞ്ഞു പോയപ്പോ, എന്റെ അപ്പോഴത്തെ മാനസികാവസ്ഥയെ പോലും പരിഗണിക്കാതെ മറിയ എന്നെ തല്ലി, എന്നെ തള്ളിക്കളഞ്ഞു, എന്നെ കുറ്റപ്പെടുത്തി, എന്നോട് വെറുപ്പ് കാണിച്ചു, എന്നെ വിശ്വസിക്കാൻ കൊള്ളില്ലാത്തവനായി ആ മെയിലില്‍ മറിയ എന്നെ ചിത്രീകരിച്ചു.”
അത്രയും പറഞ്ഞു നിര്‍ത്തിയിട്ട് ഞാൻ മറിയയെ നോക്കി. അവള്‍ ശബ്ദമില്ലാതെ ഏങ്ങി കരയുകയായിരുന്നു. കുറ്റബോധവും സങ്കടവും അവളുടെ മനസ്സിനെ കാർന്ന് തിന്നുന്നത് ആ മുഖത്ത് സ്പഷ്ടമായിരുന്നു.
സത്യത്തിൽ ഇങ്ങനെയൊക്കെ പറഞ്ഞ് മറിയയെ വേദനിപ്പിക്കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ എന്റെ ഭാഗത്ത് തെറ്റുകൾ ഉള്ളതു പോലെ മറിയയുടെ ഭാഗത്തും തെറ്റുണ്ടെന്ന് അവളും മനസ്സിലാക്കണം.