“നീ കുളിച്ചിട്ട് തുടയ്ക്കാൻ മറന്നോടാ വിക്രം?” ബഷീര്‍ മാമ എന്നെ ഒന്ന് ആക്കി ചോദിച്ചതും ചേച്ചി ചിരിച്ചു.
“ഇല്ല മാമ, മഴയില്‍ നനഞ്ഞതാ.” അങ്ങനെ ഞാൻ പറഞ്ഞതും ബഷീര്‍ മാമ ചിരിച്ചു.
“നമുക്കിവന അടുപ്പില്‍ എടുത്ത് വെച്ചാലോ, മോളെ. രണ്ടു മിനിറ്റ് കൊണ്ട് ഇവന്‍ ഒണങ്ങി കിട്ടും.” ബഷീര്‍ മാമ അഞ്ചന ചേച്ചിയോട് ചോദിച്ചതും ചേച്ചി പൊട്ടിച്ചിരിച്ചു.
ബഷീര്‍ മാമയെ സംസാരിച്ച് തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ നാവടക്കി.
ഞങ്ങൾക്ക് വേണ്ട ഫുഡ് ഓർഡർ ചെയ്തതും, ക്യാഷ് കൗണ്ടരിനടുത്തു തന്നെ ചേച്ചിക്ക് ഇരിക്കാനായി ബഷീര്‍ മാമ കസേര ഇട്ടു കൊടുത്തു.
എന്നോട് മാമ ഇരിക്കാൻ പറഞ്ഞെങ്കിലും എന്റെ ഈ വിയർപ്പു കാരണം ഇരിക്കാൻ തോന്നിയില്ല.
എന്റെ വിയർപ്പ് കാരണം ഹോട്ടലിൽ വന്നും പോകുന്നവരേയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞാൻ പുറത്ത് പോയി നിന്നു. പക്ഷേ ഗ്ലാസ്സ് ഡോറിലൂടെ ചേച്ചിയെ എനിക്ക് കാണാമായിരുന്നു.
ബഷീര്‍ മാമ ചേച്ചിയോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. ചേച്ചിയും നല്ല ഉത്സാഹത്തോടെ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു കൊണ്ടിരുന്നു.
ചേച്ചിയുടെ ഉത്സാഹവും സന്തോഷവും കണ്ടപ്പോ എനിക്കും നല്ല സന്തോഷമായി.
പാർസൽ വന്നപ്പോ ഞാൻ അകത്തു കേറി. എന്നിട്ട് അതും വാങ്ങി അതിനുള്ള കാശും കൊടുത്തു.
പോകാനായി ചേച്ചി എന്റെ അടുത്തേക്ക് വന്നതും ബഷീര്‍ മാമ എന്നെ വിളിച്ച് മാറ്റി നിർത്തി കൊണ്ട് പറഞ്ഞു, “എടാ മോനെ, നി നിക്കാഹ് കഴിക്കുമ്പോ അഞ്ചന മോളെ പോലത്ത കൊച്ചിനെ കെട്ടണം, കേട്ടാ?”
അതുകേട്ട് ഞാൻ മിഴിച്ചു നിന്നു.
“എന്നാ പൊക്കോ.” മാമ എന്നെ വിരട്ടി.
“ബഷീര്‍ മാമ നിന്നെ മാറ്റി നിർത്തി എന്താ പറഞ്ഞത്?” ഞങ്ങൾ പുറത്തിറങ്ങി നടന്ന് തിരക്കില്ലാത്ത ഭാഗത്ത് എത്തിയതും ചേച്ചി ജിജ്ഞാസയോടെ ചോദിച്ചു.
“ചേച്ചിയെ ഞാൻ വിവാഹം കഴിക്കണം എന്നാ ബഷീര്‍ മാമയുടെ ആഗ്രഹം.” ഞാൻ പറഞ്ഞതും ചേച്ചി പൊട്ടിച്ചിരിച്ചു.