“നീ എവിടെയാ വിക്രം? നീ പോയിട്ട് എത്ര നേരമായെന്ന് അറിയോ! ഇപ്പൊ സമയം പത്ത് കഴിഞ്ഞു.” ചേച്ചി പരിഭവം പറഞ്ഞു. “ഇങ്ങനെ ഒറ്റക്കിരിക്കാൻ എനിക്ക് പേടിയാവുന്നു, വിക്രം. നി വേഗം ഒന്ന് വന്നേ.” ചേച്ചി തിടുക്കം കൂട്ടി.
“ഞാൻ താഴെ തന്നെയുണ്ട് ചേച്ചി.”
“എന്നാ ഞാനും താഴേക്ക് വരാം, വിക്രം. അല്‍പ്പ നേരം നമുക്ക് അവിടെ നില്‍ക്കാം.”
ഞാൻ തിരിച്ച് എന്തെങ്കിലും പറയുന്നതിനു മുമ്പ് ചേച്ചി കട്ടാക്കി. ഉടനെ ഞാൻ വേഗം നടന്ന് ബിൽഡിംഗ് എന്റ്റൻസിൽ പോയി നിന്നു. രണ്ട് മിനിറ്റിൽ ചേച്ചിയും താഴേക്ക് വന്നു.
എന്നെ കണ്ടതും പുഞ്ചിരിച്ചു കൊണ്ട് ചേച്ചി ധൃതിയില്‍ എന്റെ അടുത്തേക്ക് വന്നു.
അവസാനമായി ചേച്ചിയുടെ മുഖത്ത് കണ്ടിരുന്ന ദുഃഖമോ ടെൻഷണോ ഇപ്പോൾ കാണാന്‍ കഴിഞ്ഞില്ല.
എന്റെ അടുത്ത് വന്ന് നിന്നതും ചുണ്ട് കോട്ടി കൊണ്ട് ചേച്ചി തലയാട്ടി. വിയർപ്പിൽ കുളിച്ചു നിന്ന എന്റെ ശരീരമാകെ ചേച്ചിയുടെ കണ്ണുകൾ ഉഴിഞ്ഞു നടന്നിട്ട്, അവസാനമായി എന്റെ കണ്ണിലേക്ക് ചേച്ചിയുടെ നോട്ടം തഴഞ്ഞു നിന്നു.
“ഇത്രമാത്രം വിയർക്കാൻ നി എന്താണ് ചെയ്തത് വിക്രം? ” ചേച്ചി സംശയത്തോടെ ചോദിച്ചു.
“ഞാൻ കുറെ നടന്നു, ചേച്ചി. അതാ ഇങ്ങനെ?” മറുപടി കൊടുത്തിട്ട് ഞാൻ ചോദിച്ചു, “എനിക്ക് നന്നായി വിശക്കുന്നു, ചേച്ചിക്ക് വിശക്കുന്നില്ലേ?”
“എനിക്ക് ഒന്നും വേ—” പക്ഷേ പറഞ്ഞു വന്നതിനെ പൂര്‍ത്തിയാക്കാതെ ചേച്ചി നിർത്തിയിട്ട് എന്റെ കണ്ണിലും മുഖത്തും സൂക്ഷിച്ചു നോക്കി.
എന്റെ മുഖം പെട്ടന്ന് വാടിയത് കണ്ടിട്ടാണ് ചേച്ചി അത് പറയാതെ നിര്‍ത്തിയത്.
“എനിക്കും വിശക്കുന്നു വിക്രം, പക്ഷേ വീട്ടില്‍ ഞാൻ ഒന്നും ഉണ്ടാക്കിയില്ല. ഹോട്ടലിൽ നിന്ന് വാങ്ങിയാലോ?”
വിശപ്പ് ഇല്ലെന്ന് പറയാൻ വന്നവൾ വിശപ്പ് ഉണ്ടെന്ന് മാറ്റി പറഞ്ഞിരിക്കുന്നു. എനിക്ക് വേണ്ടിയാണ് ചേച്ചി അങ്ങനെ പറഞ്ഞതെന്ന് ഓർത്തതും ആഹ്ലാദം കൊണ്ട് എന്റെ മനസ്സ് നിറഞ്ഞു.
“ഓക്കെ ചേച്ചി, നമുക്ക് ഹോട്ടലിൽ നിന്നും വാങ്ങാം.” അതും പറഞ്ഞ് ഞങ്ങൾ ഒരുമിച്ച് മലബാര്‍ ഹോട്ടല്‍ നോക്കി നടന്നു.