സന്ധ്യ കഴിഞ്ഞിട്ടും ചേച്ചി റൂം തുറക്കാത്തത് കൊണ്ട് ചെറിയൊരു ഭയം എന്റെ ഉള്ളില്‍ ജനിച്ചു.
ഞാൻ വേഗം പോയി പൂട്ടിയിരുന്ന വാതിലിൽ മുട്ടി വിളിച്ചു. പക്ഷേ ഉള്ളില്‍ നിന്നും ശബ്ദം ഒന്നും കേട്ടില്ല. ഒരുപാട് നേരം തട്ടിയിട്ടും തുറക്കാതെ വന്നപ്പോ വെപ്രാളപ്പെട്ട് ഫോണിൽ ചേച്ചിയെ വിളിച്ചു നോക്കി.
ഉടനെ ചേച്ചി റിസീവ് ചെയ്തപ്പോള്‍ മാത്രമാണ് സമാധാനമായത്.
“എന്നെ വെറുതെ വിട് വിക്രം.” അത്രയും പറഞ്ഞിട്ട് ചേച്ചി വച്ചു.
ചേച്ചിയുടെ സ്വരത്തില്‍ ദേഷ്യം ഇല്ലായിരുന്നു.
ഇവിടെ ഒറ്റയ്ക്കിരുന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും. അതുകൊണ്ട് പുറത്ത് എവിടെയെങ്കിലും പോകാൻ ഞാൻ തീരുമാനിച്ചു.
ആദ്യം കിച്ചനിൽ പോയി അവിടെ ഉണ്ടായിരുന്ന വേസ്റ്റ് ഭക്ഷണം എല്ലാം എടുത്ത് വേസ്റ്റ് കവറിലാക്കി. അതും എടുത്തുകൊണ്ട് ഫ്ലാറ്റും പൂട്ടി ഞാൻ ഇറങ്ങി.
ദേഷ്യത്തില്‍ പ്രഷോബ് ചേട്ടന്റെ ഫ്ലാറ്റിനെ തുറിച്ചു നോക്കയിട്ട് ലിഫ്റ്റിൽ കേറി താഴേക്ക് വന്നു. മുനിസിപ്പാലിറ്റി ഡ്രമ്മിൽ ഞാൻ കൊണ്ടുവന്ന വേസ്റ്റ് കളഞ്ഞിട്ട് എനിക്ക് തോന്നിയ വഴികളിലൂടെ ഞാൻ നടന്നു.
ഏഴുമണി ആയതേയുള്ളു. പക്ഷേ കാലാവസ്ഥ മാറുന്നത് കൊണ്ട് ഇപ്പോഴേ നല്ലതുപോലെ ഇരുട്ടിയിരുന്നു.
അധികം വെളിച്ചമില്ലാത്ത വഴി നോക്കിയാണ് ഞാൻ നടന്നത്. അവസാനം, എവിടെയൊക്കെയോ രണ്ട് മണിക്കൂറോളം അലഞ്ഞു തിരിഞ്ഞ ശേഷം എന്റെ കാലുകൾ എന്നെ ആ തോട്ടത്തിലേക്കാണ് കൊണ്ടെത്തിച്ചത്.
ഉടനെ ചേച്ചിയുടെ ആ കവിതയാണ് എന്റെ മനസ്സിൽ തെളിഞ്ഞത് — ജീവിതം വെറുത്ത ചേച്ചിയും, പ്രേമനൈരാശ്യത്തിൽ ഞാനും…..!!
അത് തന്നെയല്ലേ സത്യം?
ആ തോട്ടത്തെ കണ്ടെനിക്ക് സന്തോഷം തോന്നിയില്ല. അവിടെ ഇരിക്കാനും എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ വേഗം തോട്ടത്തിന്‍റെ എതിർ ദിശയിലേക്ക് നടന്നു.
ഒടുവില്‍ ഞങ്ങളുടെ ബിൽഡിംഗിന് താഴെ ഞാൻ എത്തിപ്പെട്ടു. പക്ഷേ ഫ്ലാറ്റിലേക്ക് പോകാൻ തോന്നിയില്ല.
എന്റെ ഫോൺ എടുത്ത് ചേച്ചിയെ വിളിക്കണോ വേണ്ടയോ എന്ന് മടിച്ചു നിന്നപ്പോള്‍, ചേച്ചി തന്നെ എന്നെ ഇങ്ങോട്ട് വിളിച്ചു.
ഞാൻ വേഗം എടുത്തു.