ചീറ്റപ്പുലിയെപ്പോലെ ചീറാൻ നിൽക്കുന്ന അമ്മുവിനോട് ഒരു സംഘടനത്തിനും കൂടെ തയ്യാറാവാനുള്ള ശേഷി ഇപ്പോൾ ഇല്ല. പെട്ടെന്ന് അപ്പുവിന്റെ ഫോൺ റിങ്ങ് ചെയ്തു. പൂജ ആയിരിക്കും എന്ന് കരുതി അവന്റെ നെഞ്ച് പെരുമ്പാറ കൊട്ടി. അമ്മു അവനെ നോക്കിയപ്പോൾ നിന്ന് പരുങ്ങുന്നതാണ് കണ്ടത്.
നിന്ന് വിറക്കുന്നത് കണ്ടില്ലേ… പേടിക്കണ്ട അവൾ അല്ല.
പിന്നെ?
മേമയാണ്. ഒരു പുച്ഛ ചിരിയോടെ അമ്മ മറുപടി പറഞ്ഞു.
അപ്പു കൈനീട്ടിയെങ്കിലും അവൾ ഫോൺ കൊടുത്തില്ല. കോൾ അറ്റൻഡ് ചെയ്ത് സ്പീക്കർ ഫോണിൽ ഇട്ടു.
ഹലോ…
ഹലോ നിങ്ങൾ എവിടാ?
ആ ഞങ്ങൾ പുറത്താ ഉള്ളത് ഒരു ചായ കുടിക്കാൻ വന്നതാ.
മ്മ്… ഒരു കാര്യം ചെയ്യ് ഒരാഴ്ച നിൽക്കാൻ വേണ്ട ഡ്രസ്സ് പാക്ക് ചെയ്ത് രണ്ടാളും വീട് പൂട്ടി ഇങ്ങോട്ട് പോര്…
എന്തുപറ്റി പെട്ടന്ന്??? അമ്മയ്ക്ക് എന്തെങ്കിലും?
അമ്മമ്മ പോയെടാ…ഉച്ചക്ക് ചോറുണ്ട് കിടന്നതാ. അറ്റാക്ക് ആയിരുന്നു.
അയോ…
നിങ്ങൾക്ക് ഇപ്പോ സ്റ്റ്ഡിലീവ് ആവാനായില്ലേ ഒരു കാര്യം ചെയ്യ് അത്യാവശ്യം പഠിക്കാൻ വേണ്ട ബുക്കുകളും എടുത്തോ. സഞ്ചയനം കഴിഞ്ഞിട്ട് പോകാം.
ഇതും പറഞ്ഞ് മേമ കോൾ കട്ട് ചെയ്തു. അമ്മമ്മയുടെ ആരോഗ്യസ്ഥിതി വളരെ മോശമായതുകൊണ്ട് അപ്പുവിനും അമ്മുവിനും വലിയൊരു ഞെട്ടൽ ഒന്നും തോന്നിയില്ല. അമ്മമ്മയ്ക്ക് വേണ്ടി വന്ന കാലൻ അപ്പുവിന് ഒരു അനുഗ്രഹമായിട്ടാണ് തോന്നിയത്.
അവൻ അപേക്ഷാപൂർവ്വം അമ്മുവിനെ നോക്കി. ഈയൊരു സാഹചര്യത്തിൽ ഇനിയും ഇവിടെ വാശിപിടിച്ച് നിൽക്കുന്നത് ശരിയല്ലെന്ന് അമ്മുവിന് അറിയാം. അവൾ ചാവിയും ഫോണും അപ്പുവിന് നേരെ നീട്ടി.