എൻ്റെ ഉപ്പയുടെ ഒരു റൂം മേറ്റ് വഴിയാണ് എനിക്ക് സമീറിൻറെ ആലോചന വരുന്നത്, ഗൾഫിൽ ഉയർന്ന ശമ്പളമുള്ള ജോലി, വലിയ തറവാട്ടുകാർ പോരാത്തതിന് ചെറുക്കന് ചീത്ത കൂട്ടുകെട്ടുകളോ എന്തെങ്കിലും ദുശീലങ്ങളോ ഇല്ല !! ഇതിൽ പരം എന്ത് വേണം എൻ്റെ വീട്ടുകാർക്ക് വരനെ ബോധിക്കാൻ? പിന്നെ ആകെ അറിയേണ്ടത് എൻ്റെ സമ്മതം മാത്രമായിരുന്നു!
ഉമ്മ എനിക്ക് കൈമാറിയ ഒരു ഫോട്ടോയിലാണ് ഞാൻ സമീറിനെ ആദ്യമായി കാണുന്നത്, സത്യം പറയണമല്ലോ,, ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് സമീറിനെ ഇഷ്ടമായി (സുന്ദരനാണ്) ആദ്യമായി കാണുകയാണെങ്കിലും എന്തോ കുറേ കാലമായി പരിചയമുള്ള ഒരു മുഖം പോലെ തോന്നി എനിക്ക്, അതിനാൽ തന്നെ ഞാൻ എൻ്റെ സമ്മതം ഉമ്മയെ അറിയിച്ചു!!
ശനിയാഴ്ച വൈകുന്നേരം സമീറിൻറെ ഉമ്മയും, ഉപ്പയും പിന്നെ ആകെയുള്ള മകൾ മുംതാസും ചേർന്നു എന്നെ പെണ്ണുകാണാൻ വന്നു. അവരെല്ലാവരും എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത് , പ്രത്യേകിച്ചും മുംതാസ്!! വിവാഹ ജീവിതത്തെ കുറിച്ചുള്ള എൻ്റെ സ്വപ്നങ്ങൾക്കു കൂടുതൽ നിറമേകുന്നതായിരുന്നു അവരുടെ പെരുമാറ്റവും, സ്നേഹത്തോടെയുള്ള സംസാരങ്ങളും എല്ലാം!!
ഇറങ്ങാൻ നേരം മുംതാസ് എന്നെ സ്വകാര്യാമായി ഒരു ഭാഗത്തേക്ക് കൊണ്ട് പോയി എൻ്റെ ഫോൺ നമ്പർ വാങ്ങിക്കുകയും അതുപോലെ സമീറിൻറെ സ്കൈപ്പ് ID എനിക്ക് കൈമാറി അത് എൻ്റെ മൊബൈലിൽ സേവ് ചെയ്യാനും ആവശ്യപ്പെട്ടു! ശേഷം, ആമിയെ എനിക്ക് ഒരുപാടു ഇഷ്ടമായി എന്ന് പറഞ്ഞു കൊണ്ട് അവൾ എന്നെ ഗാഡമായി കെട്ടിപ്പിടിച്ചു, എന്തോ എനിക്കും അവളെ വല്ലാതെ ഇഷ്ടപ്പെട്ടു, നല്ലൊരു കൂട്ടുകാരിയെ കിട്ടിയ സന്തോഷമായിരുന്നു എനിക്കുണ്ടായിരുന്നത്, അവളെ കാണാനും നല്ല ഭംഗിയുണ്ട്, എളുപ്പത്തിൽ ഒരു രൂപ വിവരണം നൽകുകയാണെങ്കിൽ കാവ്യാ മാധവൻറെ നല്ല വെളുത്ത രൂപം എന്ന് തന്നെ പറയാം!!
സഭ പിരിയുന്നതിനു മുമ്പായി സമീറിൻറെ ഉപ്പ എല്ലാവരോടുമായി നിറ പുഞ്ചിരിയോടെ പറഞ്ഞു, “അപ്പൊ ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടപ്പെട്ട സ്ഥിതിക്കും, മറ്റു അഭിപ്രായ വ്യതാസങ്ങൾ ഇല്ലാത്ത സ്ഥിതിക്കും നമ്മൾക്ക് ഈ ബന്ധം അങ്ങ് ഉറപ്പിക്കാം?”
എന്റെയും ഉമ്മയുടെയും പുഞ്ചിരിയോടുള്ള മൗന സമ്മതം അവർ മനസ്സാൽ സ്വീകരിച്ചു ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങി!!