“പോയി നോക്കാം.”
റേച്ചൽ മറുപടി നൽകി.
പിന്നെ രണ്ടുപേരും ഒരു ടാക്സി പിടിച്ചു ജയിലിലേക്ക് പോയി. അവിടെ നിന്ന് റേച്ചൽ ദിലീപിനെ വിളിച്ചു. ദിലീപിന് പോലീസിൽ അത്യാവശ്യം പിടിപാടുകൾ ഉള്ളതുകൊണ്ട് പെട്ടെന്ന് തന്നെ കാണാനുള്ള അവസരം ലഭിച്ചു.
“രാജീവേട്ടാ…”
ഇരുമ്പകമ്പിയുടെ അപ്പുറത്തു നിൽക്കുന്ന രാജീവിനെ അനിത വിളിച്ചു.
“ഹ്മ്മ്..”
രാജീവ് തിരിച്ചൊന്ന് മൂളി. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു.
“ഏട്ടൻ ഒരാഴ്ച കൊണ്ട് ഇറങ്ങുമെന്ന് പറഞ്ഞു.”
അനിത സന്തോഷവാർത്ത രാജീവിനെ അറിയിച്ചു.
“ഹ്മ്മ്..പോലീസുകാർ പറഞ്ഞു.”
രാജീവിനെ കുറച്ചു മുന്നെ അറിയിച്ചിരുന്നു.
“നീയെന്താ അവർക്ക് ചെയ്തുകൊടുത്തെ?”
രാജീവിന് അനിത ചെയ്തതിനെ കുറിച്ച് ചെറിയൊരു ഊഹമുണ്ടായിരുന്നു.
“അതൊക്കെ വിട് ഏട്ടാ. ഏട്ടന് വേണ്ടിയല്ലേ?”
അനിത അത് ഓർക്കാൻ മനസ്സില്ലാത്ത പോലെ പറഞ്ഞു.
“സാരമില്ല. ഇനി ഇറങ്ങിയിട്ട് പുതിയ ഒരു ജീവിതം തുടങ്ങാം.”
രാജീവ് സന്തോഷത്തോടെ പറഞ്ഞു. രാജീവിന്റെ സന്തോഷം കണ്ടപ്പോൾ അനിതയുടെ ഉള്ള് തണുത്തു. പിന്നെ അൽപനേരം കൂടി സംസാരിച്ചിട്ട് അനിത പുറത്തിറങ്ങി. അതുകഴിഞ്ഞു അനിതയും റേച്ചലും അവിടെയുള്ള ഒരു പാർക്കിൽ കയറി.
“നിന്റെ പ്ലാൻ എന്താ?”
കൈയിലുള്ള പോപ്‌കോൺ ഓരോന്നായി വായിലിട്ട് പാർക്കിലുള്ള ബെഞ്ചിൽ ഇരുന്നു കൊണ്ട് അനിത റേച്ചലിനോട് ചോദിച്ചു.
“നീ ട്രെയിനിൽ കണ്ണൂർക്ക് പോവുകയല്ലേ. ഞാനും ഉണ്ട് കൂടെ.”
റേച്ചൽ മറുപടി നൽകി.
“അവിടെയെന്താ?”
അനിത സംശയം ചോദിച്ചു.
“അവിടെ നിന്നാണ് എനിക്ക് ഫ്ലൈറ്റ്.”
റേച്ചൽ പറഞ്ഞു. അനിത മൂളിക്കൊടുത്തു.
കുറച്ചുകഴിഞ്ഞു ഇരുവരും റെയിൽവേ സ്റ്റേഷനിലേക്ക് വെച്ചുപിടിച്ചു. രണ്ടുപേർക്കും ലേഡീസ് കംപാർട്മെന്റിലാണ് സീറ്റ്. സീറ്റ് അടുത്തല്ലായിരുന്നെങ്കിലും അവിടെയുള്ള ഒരു സ്ത്രീയുമായി അഡ്ജസ്റ്റ് ചെയ്‌തു ഇരുവരും ഒപ്പമിരുന്നു. ആറുപേർക്ക് ഇരിക്കാനുള്ള സെക്ഷനിലെ താഴത്തെ രണ്ടു ബെർത്തിലായിരുന്നു ഇരുവരും ഇരുന്നിരുന്നത്.
അല്പം കഴിഞ്ഞു ടി ടി വന്നു. ഇരുവരുടെയും ടിക്കറ്റ് പരിശോധിച്ചു.
“സർ എന്റെ ഒരു റിലേറ്റീവ് അപ്പുറത്തെ കംപാർട്മെന്റിലുണ്ട്. ചെറിയ പയ്യനാണ്. അവൻ സീറ്റ് അവിടെയാ കിട്ടിയത്. സൊ അവൻ ഇവിടെ ഇരുന്നാൽ കുഴപ്പമുണ്ടാവുമോ?”
റേച്ചൽ ടി ടി യോട് ചോദിച്ചു.
“ഞാൻ നോക്കിയിട്ട് അവനെ ഇങ്ങോട്ട് വിടാം. അവന്റെ പേരെന്താ?”
അൽപനേരം ആലോചിച്ചശേഷം ടി ടി പറഞ്ഞു.