അകത്തു ചെന്നപ്പോൾ മൂന്നാലു ഗർഭിണികൾ എനിക്ക് കൂട്ടിനുണ്ട്…..
ടീച്ചർ ക്ലാസ്സിൽ നിന്നും പുറത്താക്കുമ്പോൾ കൂടെ നിൽക്കാൻ കുറച്ചു സുഹൃത്തുക്കളെ കിട്ടുന്ന ഒരു കുട്ടിയെ പോലെ ഞാൻ സന്തോഷിച്ചു…
എന്റെ ഉണ്ണികുടവയർ കണ്ടു ഒരു കുട്ടി
നഴ്സിന്റെ ചോദ്യം.???
എന്താ ചെക്കപ്പിന് വന്നതാണോയെന്ന്? ആകെ
നാണക്കേടായല്ലോ എന്ന മട്ടിൽ ഞാൻ പതിയെ പറഞ്ഞു……
അല്ല പ്രസവിക്കാൻ വന്നതാണെന്ന്. ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ കൂട്ടായി. എനിക്ക് കട്ടിലും കുപ്പായവുമൊക്കെ തന്നു
അവർ എന്നെ അവിടുത്തെ മുതിർന്ന നേഴ്സ് ആയ ജാനമ്മ സിസ്റ്ററിന്റെ അടുത്തേക്ക് കൊണ്ട് പോയി….
സത്യം പറഞ്ഞാൽ എനിക്കു അത്ഭുതമാണ് തോന്നിയത്. പണ്ട് ബയോളജി
ക്ലാസ്സിൽ ബാലചന്ദ്രൻ സാർ സെക്ഷുവൽ റീപ്രൊഡക്ഷനെ പറ്റി പഠിപ്പിക്കുമ്പോൾ ഞങ്ങൾക്ക് പറഞ്ഞു തരാറുണ്ടായിരുന്ന
ഒരു സാങ്കൽപ്പിക കഥാപാത്രമുണ്ടായിരുന്നു തൈക്കാട് ആസ്പത്രിയിലെ കമലമ്മ സിസ്റ്റർ.. അന്ന് ഞാൻ അവർക്കു കണ്ട ഒരു രൂപമുണ്ടായിരുന്നു…. ഇന്ന് ഞാൻ ആദ്യമായി അവരെ ജീവനോടെ കാണുന്നത് പോലെ തോന്നി.
സമയം രാവിലെ ഒൻപതു മണി. എനിക്ക് നല്ല വിശപ്പടിച്ചു തുടങ്ങി. ഞങ്ങടെ വീട്ടിലെ പാചകറാണി എന്റെ അമ്മായിയമ്മയെ ഞാൻ ഓർത്തു.(ഗർഭിണികളെ
ഊട്ടുന്നതു അമ്മയുടെ ഒരു വീക്നെസ്സാണ്).
തല്ക്കാലം ഞാൻ അവിടെ അവൈലബിൾ ആയിട്ടുള്ള അമ്മ-ജാനമ്മ സിസ്റ്ററിനെ കാര്യം അറിയിച്ചു. അവർ പുറത്തു പോയി
വിളിച്ചു-അശ്വിനി..അശ്വിനിയുടെ ആളുണ്ടോ?
എന്റെ അച്ചന്മാർ, അമ്മമാർ,
അനുജത്തിമാർ, അനുജന്മാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങി ഒരു ജില്ലക്കുള്ള ആളുകളെ എന്റെ ഭർത്താവ് അപ്പോഴേക്കും വിളിച്ചു കൂട്ടിയിരുന്നു….
എല്ലാവരും ആ വാർത്തയ്ക്കായി കാതോർത്തിരുന്നപ്പോൾ അശ്വിനിക്കു
വിശക്കുന്നു എന്ന് ജാനമ്മ സിസ്റ്റർ പറയുന്നത് കേട്ട് പട അല്പം ബാക്കിലേക്ക് പിൻവാങ്ങി…
ഭക്ഷണമൊക്കെ അകത്തുചെന്ന് അല്പം ഊർജ്ജമൊക്കെ കിട്ടിയപ്പോൾ ഞാൻ എഴുന്നേറ്റു നടക്കാൻ തുടങ്ങി…
അവിടുത്തെ ഗർഭിണികളെയൊക്കെ പരിചയപെട്ടു… ഒരു ചേച്ചി
തീരെ അവശയായി കിടക്കുന്നതു പോലെ എനിക്ക് തോന്നി…
അവരുടെ ഭീമാകാരമായ വയറിനു മുന്നിൽ
എന്റെ കുഞ്ഞു വയറുമായി നിൽക്കാൻ എനിക്ക് ലജ്ജ തോന്നി…
ഇന്നവിടെ കിടക്കുന്നയാരും പ്രസവിക്കാൻ വന്നതല്ല എന്ന സത്യം അപ്പോഴാണ് എനിക്ക് മനസ്സിലായത്….