Angel [VAMPIRE]
അയൽപക്കത്തെ വീട്ടിൽ ലോറൻസ് അങ്കിൾ തൂക്കാൻ ഇറങ്ങുന്ന സമയം….
അച്ഛൻ ഒരുറക്കമുണർന്നു കണ്ട ന്യൂസ് വീണ്ടും കാണാൻ വരുന്ന സമയം….
എന്റെ അമ്മ ഡീപ്പിന്റെ ഡീപ് സ്ലീപ്പിലേക്ക് കടക്കുന്നസമയം…..
കണവൻ കൂർക്കംവലിയുടെ ഹനുമാൻ ഗിയറിട്ടു
തേരി കയറിക്കൊണ്ടിരിക്കുന്ന സമയം…
അനിയത്തിക്ക് വിശപ്പിൻറെ വിളി വരുന്ന സമയം…
എന്റെ ഉള്ളിലെ ജീവനു ഞാൻ തീർത്തു കൊടുത്ത നീന്തൽ കുളത്തിൽ കിടന്നു കുറുമ്പ്
കാട്ടാൻ ഇതിലും നല്ല സമയം വേറെയില്ല.
ആ അനക്കത്തിൽ ഞാൻ കണ്ണ് തുറന്നു…
കടലയും ഉരുളക്കിഴങ്ങുമൊക്കെ
കഴിച്ചാൽ ഉണ്ടാകുന്ന ഗ്യാസ് പോലത്തെ ഒരു ഫീൽ…..
തലേന്ന്, അക്കരെ ചന്ദ്രൻ മാമന്റെ മകൾ ദീപ ചേച്ചിയുടെ കുഞ്ഞിൻറെ പിറന്നാളിന് പോയി ഫ്രൈഡ് റൈസും, ചിക്കനും, കപ്പയുമൊക്കെ
തട്ടിവിട്ടപ്പോഴേ ഞാൻ എന്നെ പറഞ്ഞു വിലക്കിയതാണ്….
ഇനിയിപ്പോൾ അതൊന്നും ഓർത്തിട്ടു കാര്യമില്ല എന്ന് വിചാരിച്ചു ‘ഹം ദിൽ ദേ ചുക്കേ സനം’ എന്ന എന്റെ പ്രിയപ്പെട്ട സിനിമയിലെ നായകൻ
സൽമാൻ ഖാനെ പോലെ ആരുമറിയാതെ ആ പ്രത്യേക ഗന്ധം ശരീരത്തിൽ നിന്നും ഒരു പുക പോലെ ഇറക്കി വിടാൻ ഞാൻ ചില ശ്രമമൊക്കെ നടത്തി….
ഒരു ഗന്ധവുമേൽക്കാതെ
അപ്പോഴും വായും തുറന്നു കൂർക്കത്തിന്റെ
ആരോഹണത്തിലാണ്ടു കിടന്നുറങ്ങുന്ന ഭർത്താവിനെ കണ്ടു സഹിക്കാഞ്ഞിട്ടും, എന്റെ ഉള്ളിലെ ഡി. എൻ. എ. എന്റെ മാത്രം അധ്വാനത്തിന്റെ ഫലമല്ലാത്തതുകൊണ്ടും അദ്ദേഹത്തെ വിളിച്ചുണർത്താൻ ഞാൻ തീരുമാനിച്ചു…
ആദ്യം സൗമ്യമായി വിളിച്ചു. കണവൻ ഉണരുന്നില്ല….
പിന്നെയല്പം ശബ്ദമുയർത്തി…..
ഒരു രക്ഷയുമില്ല…പിന്നീട് ഒരു ഭൂമി കുലുക്കത്തിന്റെ പ്രതീതിയിൽ ആഞ്ഞൊന്നു കുലുക്കി… ഒരു ഞെട്ടലോടെ ഉണർന്ന അദ്ദേഹം എന്റെ പ്രസവം സ്വപ്നം കാണുവായിരുന്നത്രെ.
മനുഷ്യന് ഒരേ സമയം സ്വപ്നം കാണുവാനും കൂർക്കം വലിക്കാനും കഴിയുമെന്നുള്ള സത്യം അന്ന് ഞാൻ തിരിച്ചറിഞ്ഞു….
വയറിലെ ഗ്യാസിനെ പറ്റി പറഞ്ഞപ്പോൾ ഇത്രയും നിസ്സാര കാര്യത്തിന് തന്നെ വിളിച്ചുണർത്തേണ്ട കാര്യമുണ്ടോ എന്ന മട്ടിൽ വീണ്ടും കിടക്കാൻ തുടങ്ങി കണവൻ സാർ….