ഗായത്രി കണ്ണുരുട്ടി.
രണ്ടുപേരും വാതുക്കൽ എത്തി.
മോഹനൻ മാഷ് രണ്ടാളെയും ഒന്നു നോക്കി.
“ഉം…കേറിയിരിക്ക്…”
അനുവാദം കിട്ടിയതും രണ്ടാളും സീറ്റിൽ പോയിരുന്നു.
“ഇത് പത്താം ക്ലാസും പ്ലസ് ടൂ വും ഒന്നുമല്ല കേട്ടോ. രണ്ടാം വർഷ ഡിഗ്രി സ്റ്റുഡന്റസ് ആണ് നിങ്ങൾ. അത് ഓർമ്മവേണം. കോളജിലെ പഠിത്തത്തിൽ തൃപ്തി പോരാഞ്ഞിട്ടാണ് രക്ഷാകർത്താക്കൾ നിങ്ങളെയൊക്കെ ഇവിടെ ട്യൂഷന് വിടുന്നത്. പരീക്ഷക്ക് നിങ്ങൾ വാങ്ങുന്ന മാർക്ക് കുറഞ്ഞുപോയാൽ അവർ കോളജിൽ പോകില്ല ചോദിക്കാൻ. നേരെ ഇവിടേക്കാവും വരുക. അതുകൊണ്ട് ദയവു ചെയ്ത് കുറച്ചുകൂടി സീരിയസായി കാര്യങ്ങളെ കാണാൻ ശ്രമിക്കുക. ”
പറഞ്ഞത് രണ്ടുപേരോട് ആണെങ്കിലും മാഷ് നോക്കിയത് രേവതിയുടെ മുഖത്ത് മാത്രമായിരുന്നു. അവളാകട്ടെ ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് കീഴ്ചുണ്ട് ഒന്നു കടിച്ചു വിട്ടു. ഇത് കണ്ട്എന്തോ പറയാൻ തുടങ്ങിയ മാഷിന്റെ ഉമിനീർ നെറുകയിൽ കയറി ചുമക്കാൻ തുടങ്ങി.
“എന്തിനാടി പാവത്തിനെ ഇങ്ങനെ ദ്രോഹിക്കുന്നത്..? ”
ഗായത്രിയുടെ ചോദ്യത്തിന് ഉത്തരമായി അവൾ ഒന്നു ചിരിച്ചു. രേവതിയും മോഹനൻ മാഷും തമ്മിലുള്ള പ്രണയത്തിന് എന്നും ഒരു ഹംസമായി നിന്നത് ഗായത്രിയായിരുന്നു.
അന്ന് വൈകിട്ട് വീട്ടിൽ വന്നപ്പോഴാണ് ഇടിത്തീ ശിരസ്സിൽ വീണതുപോലെ ഒരു വിവഹാലോചനയുടെ കാര്യം അമ്മ പറഞ്ഞത്. ഏതോ വലിയ തറവാട്ടുകാരാണത്രെ .ഒരേയൊരു മകൻ. ഇട്ടു മൂടാൻ സ്വത്തുക്കൾ.
“നിന്റച്ഛൻ ഒരേയൊരു പിടിവശിയിലാണ്, ഇത് നടത്തണമെന്ന്…”
“അമ്മേ….അതിന് എന്റെ ഡിഗ്രിപോലും കംപ്ലീറ്റായില്ലല്ലോ…”
“അത് അവിടെ ചെന്നാലും പഠിക്കാമെന്നാണ് പയ്യന്റെ അച്ഛൻ പറഞ്ഞതത്രെ…”
“എനിക്ക് പഠിക്കണമമ്മേ . പഠിച്ച് ഒരു ജോലിയായിട്ടു മതി കല്യാണം..”
കരഞ്ഞു ….കാലുപിടിച്ചു… ഒരു രക്ഷയുമുണ്ടായില്ല.
പിറ്റേ ദിവസം കോളേജിലേക്കെന്നും പറഞ്ഞ് പോയത് ട്യൂട്ടോറിയലിലേക്കായിരുന്നു .ഒരു ഒഴിഞ്ഞ ക്‌ളാസ് മുറിയിൽ മുഖാമുഖമിരിക്കുമ്പോൾ താൻ ഉറപ്പിച്ചു പറഞ്ഞു.
“മാഷേ…ഞാൻ ഇനി വീട്ടിലേക്കില്ല. ഒന്നുകിൽ മഷിനോടൊപ്പം ഈ നാട്ടിൽ ജീവിക്കും. അല്ലെങ്കിൽ ഏതെങ്കിലും നാട്ടിൽ പോയി നമുക്ക് ജീവിക്കാം മാഷേ…”