ഓർമ്മ വെച്ച നാൾ മുതൽ കളിച്ചു വളർന്ന പുഴയെയും പുഴക്കക്കരെ ഉള്ള കാടും നോക്കി നിന്നപ്പോൾ തേവന്റെ കാഴ്ച മങ്ങി കിട്ടിയ അടിയുടെ പാട് അവന്റെ കവിളിൽ കരുവാളിച്ചു വന്നിരുന്നു ഒന്നിന് പുറകെ ഒന്നായി മൂന്നു തുള്ളി കണ്ണുനീർ ആ പാടിനു മേലെകൂടെ ഒഴുകിയിറങ്ങി…
ഈ പുഴയുടെ കള കള സംഗീതവും പുഴക്കപ്പുറമുള്ള കാടിന്റെ വശ്യതയാർന്ന കാനന സൗന്ദര്യവും ഇനി തനിക്കു കാണാൻ പറ്റുമോ..? ഒന്നും സ്വന്തമല്ലാത്ത ആ അടിയാൻ ചെക്കൻ പക്ഷെ ഈ പുഴ അവന്റെ സ്വന്താണെന്നു അഹങ്കരിച്ചിരുന്നു…
എല്ലാ സ്ഥലത്തും അവനു മേലാളന്മാരുടെ ചവിട്ടു കൊല്ലാനായിരുന്നു യോഗം അല്ലേൽ പല തവണ ശരിയുത്തരങ്ങൾ ഉത്തര പേപ്പറിൽ നിറച്ചിട്ടും പത്താം തരം എത്തുന്നതിനകം നാലു തവണ അവർ അവനെ തോൽപ്പിച്ചു മടുത്തു പഠിത്തം നിറുത്തിക്കോളും എന്നാവും അവർ കരുതിയത്…
പത്തിലെ പരീക്ഷ അവൻ ഒരു വാശി പോലെ എഴുതി തീർത്തു അതോടെ അവന്റെ മനസ്സ് മടുത്തിരുന്നു അന്ന് വലിച്ചെറിഞ്ഞതാണ് അവൻ പുസ്തകങ്ങളുടെ കൂടെ സ്വന്തം ജീവിത മോഹങ്ങളും ഈ പുഴയുടെ ആഴങ്ങളിൽ…
പിന്നെ കുളിക്കാത്തവനായി, വൃത്തിയില്ലാത്തവനായി, കാട്ടാളനായി ജീവിച്ച അവൻ അവനെ തന്നെ പറഞ്ഞു പഠിപ്പിച്ചു ഈ ഭൂമിയിൽ ഒന്നും അടിയാന്റെ അല്ല എല്ലാം ഉടമയുടേതാണ് അവന്റെ അധ്വാനവും അവന്റെ സ്വാതന്ത്ര്യവും ചിരിയും സ്വപ്നങ്ങളും എന്തിനു പുരയിലെ പെണ്ണുങ്ങൾ പോലും…
ചേച്ചി തേതിയുടെ ചിരിക്കുന്ന മുഖം പെട്ടന്ന് അവന്റെ മനസ്സിൽ തെളിഞ്ഞു ഇത്ര നാൾ ആരും കാണാതെ അവൻ കാത്തു അവളെ പക്ഷെ ഇനിയെന്ത് ആ വിടർന്ന സുന്ദരമായ പൂവ് ഉടമയുടെ കണ്ണിൽ പെട്ടു കഴിഞ്ഞു…
പാടില്ല കരയരുത് താൻ അടിയാനാണ്… അടിയാൻ കരയാൻ പാടില്ല അടിയാന്റെ കണ്ണീർ ഭൂമിയിൽ വീഴാതിരിക്കാൻ… അവൻ ഏതു കണ്ണീരിനെയും ഒളിപ്പിച്ചു വെക്കാൻ ശേഷിയുള്ള പുഴയുടെ ആഴങ്ങളിലേക്ക് മുതലക്കൂപ്പ് കുത്തി…
അവനെയും അവന്റെ കണ്ണീരിനെയും കൈകളിൽ താങ്ങിയ, ഇനിയും വികസനവും പുരോഗമനവും പടികേറിയിട്ടില്ലാത്ത ആ ഗ്രാമത്തെ തഴുകി പട്ടണത്തിന്റെ ആരവങ്ങളിൽ എത്താൻ പാഞ്ഞൊഴുകുന്ന പുഴക്ക് നിസ്സംഗതയുടെ മരവിച്ച തണുപ്പായിരുന്നു…