ആ ചെറുക്കൻ മിണ്ടുന്നില്ല നിലത്തേക്ക് നോക്കി നിൽപ്പാണ് പക്ഷെ മകനെ പോലെ നിലത്തു തന്നെ നോക്കിയാണ് അപ്പന്റെയും നിപ്പെങ്കിലും അയാൾ പറഞ്ഞു
“തബ്രാട്ടീ… തേവാന്നാണ്…”
തേവനോ..? വിചിത്രമായ പേര് യാമിനി ഓർത്തു പിന്നെ പറഞ്ഞു
“നീ ചെക്കനോട് പോയി വൃത്തിയായി കുളിച്ചു വരാൻ പറയ്, പിന്നെ രാവുണ്ണിയാരെ കണ്ടു ഒരു വാസനാ സോപ്പുകൂടെ മേടിച്ചു കൊടുത്തോളൂ… നന്നായി തേച്ചുരച്ചു ശുദ്ധിയായി വരാൻ മറക്കണ്ടാന്നു പ്രത്യേകം പറഞ്ഞേൽപ്പിക്കൂ…”
തമ്പുരാട്ടി പറഞ്ഞു തീരുന്നതിനു മുന്നേ പടിവാതിൽ കടന്നു ശേഖരൻ അധികാരി കടന്നു വന്നു തൊട്ടുപുറകേ പല്ലവിയും… ഏഷണി പറഞ്ഞു വിളിച്ചു കൊണ്ടുവന്നതാണെന്നു വ്യക്തം. അദ്ദേഹത്തെ കണ്ട പാടെ തേവനും കോരനും പിന്നിലേക്ക് നീങ്ങി വാ പൊത്തി ഓച്ഛനിച്ചു നിന്നു
നീട്ടി കാല് വലിച്ചു വച്ചു നടന്നുവന്ന അധികാരിയുടെ വെളുത്ത മുഖം കോപത്താൽ ചുവന്നിരുന്നു തേവന്റെ മുന്നിൽ ഒരു നിമിഷം നിന്ന അധികാരി വലതു കൈ പിന്നിലേക്ക് വലിച്ചു സർവ്വശക്തിയും കൈ പത്തിയിൽ ആവാഹിച്ചു തേവന്റെ മുഖമടച്ചു ഒന്നങ്ങു പൊട്ടിച്ചു…
തേവന്റെ കണ്ണിൽ പൊന്നീച്ച പറന്നു ചെവിയിൽ വണ്ട് മൂളി അപ്രതീക്ഷിതമായ അടിയുടെ ആഘാതത്തിൽ അവൻ നിലത്തേക്ക് മറിഞ്ഞു വീണു…
“എന്താ ഇത് ഏട്ടാ… തല്ലേണ്ടിയിരുന്നില്ല കുട്ടിയല്ലേ അത്…”
യാമിനിയുടെ മനസ്സലിഞ്ഞു ഏട്ടന്റെ ക്രൂരതകൾ ഒരു പാട് കേട്ടിട്ടുണ്ടങ്കിലും ഇങ്ങനെ കൺ മുന്നിൽ കണ്ടിട്ടില്ല… യാമിനി
“ഓപ്പോൾ ഒന്നും പറയണ്ടാ… നിക്കറിയാം, പത്താംതരം വരെ പഠിച്ചതല്ലേ..? അതിന്റെ ഹുങ്ക്, അല്ലാച്ചാ… ഏഭ്യൻ കുളിക്കാതെ കോലോത്തെ വണ്ടിയിൽ പോട്ടെ അടിച്ചതിൽ കേറുമോ..?”
ശേഖരൻ അധികാരിയുടെ മുഖത്ത് ഒരു ആത്മനിർവൃതി തേവനെ ഈ നാട്ടിൽ നിന്നും തന്നെ കെട്ടുകെട്ടിക്കാനായി അളിയൻ കൈമളോട്, പറമ്പിലെ പണിക്കായി കോരന്റെ ചെക്കനെ കൊണ്ടു പോകാൻ പറഞ്ഞു നിർബദ്ധം പിടിച്ചതു അയാൾ തന്നെയാണല്ലോ