ഞാനല്ലോ… ഈ മണ്ണിൻ രാജാവ്പാട്ടും പാടി ആടിയുലഞ്ഞ് കാളി അവൻ്റെ കൂരയിലെത്തി. കൈയ്യിൽ കരുതിയ കള്ളു കുപ്പി മേശയിൽ വെച്ച് തിരിഞ്ഞതും കുഞ്ഞിനെ കണ്ടു.
നിന്നെ വലിച്ചെറിഞ്ഞവളാടാ…. ഈ ലോകത്തിലെ ഏറ്റവും വലിയ ദുർഭാഗ്യശാലി. അവളുടെ ഭാഗ്യത്തിനെ അല്ലെ വലിച്ചെറിഞ്ഞത്.
നീ…. ഐശ്വര്യം ഉള്ളോനാടാ…. ഇന്ന് ഈ കരയിൽ കാളി മാത്രമേ… മീൻ പിടിച്ചൊള്ളു, അതും വള്ളം നിറയെ, ഇങ്ങനെ ഒരു ചാകര ഞാൻ മുന്നേ കണ്ടിട്ടില്ല…
കേട്ടോടാ…. നീ… കുരുപ്പേ… നീ എൻ്റെ ഭാഗ്യാടാ…
അല്ല നിന്നെ എന്താ.. വിളിക്കാ…..നിനക്കൊരു പേരു വേണ്ടേ…. എന്താ കുരുപ്പേ… നിന്നെ ഞാൻ വിളിക്കുക……
ശിവ……
എങ്ങനുണ്ടെടാ… ഇഷ്ടായോ… നിനക്ക്, ആ…. എനി ഇഷ്ടായില്ലെലും അതു മതി. എനിക്ക് ഒരു കുഞ്ഞ് ‘പിറന്നാ ഇടാൻ മനസ്സിൽ വെച്ച പേരാ….
ടാ….. ശിവാ…. നീയാടാ…. എൻ്റെ മോൻ, എനിക്ക് ഭാഗ്യവുമായി വന്ന എൻ്റെ മോൻ.
എത് നാറിയാടാ… എൻ്റെ കൊച്ചിൻ്റെ വായിൽ കുപ്പി കയറ്റി വെച്ചത്. അപ്പോ പിന്നെ ഒന്നു മനസിലായി, ഈ തൊറയിലും നിനക്ക് ആളുണ്ട് അല്ലേടാ…. ശിവ
ടാ…. ഇങ്ങോട്ടു നോക്കെടാ…
അവൻ കുഞ്ഞിക്കണ്ണുകൾ ഉയർത്തി കാളിയെ നോക്കി.
ദേ…. വല്ല പെണ്ണുവന്നതാണെ, സൂക്ഷിച്ചോടാ…. മോനെ, ചതിക്കുന്ന വർഗ്ഗമാ… മോനെ.
ചതിക്കുന്ന വർഗ്ഗമാ….. മോനെ..
അതും പറഞ്ഞ് കാളി വീണ്ടും മദ്യം നുകർന്ന്, തൻ്റെ കയർക്കട്ടിലിൽ കിടന്നു.
🌟🌟🌟🌟🌟
സായാഹ്ന സമയം കാളിയുടെ കുടിലിൻ്റെ വാതിൽ പതിയെ തുറക്കപ്പെട്ടു. ആ വാതിലിൻ്റെ അടുത്ത് കുഞ്ഞു കരങ്ങൾ അനാവൃതമായി. ഭയത്തോടെ ആ കുഞ്ഞു കാലടി പതിയെ അകത്തേക്കു വന്നു. പമ്മി പമ്മിയുള്ള അവളുടെ നടത്തം. കാൽക്കൊലുസ്സു പോലും നിശബ്ദമാക്കിയുള്ള സഞ്ചാരരീതി കാഴ്‌ച്ചയുടെ വിസ്മയം തീർത്തു. നിഷ്കളങ്കതയുടെ മൂർത്തി ഭാവമാണ് കാർത്തുമ്പി.
വിറക്കുന്ന കാലടികൾ തേടി പോയത് കാളിയെയാണ്. കയർ കട്ടിലിൽ മദ്യലഹരിയിൽ മയങ്ങുന്ന കാളിയെ അവൾ നോക്കി നിന്നു. അവനിൽ നിന്നും വമിക്കുന്ന കള്ളിൻ്റെ രൂക്ഷഗന്ധമറിഞ്ഞ് ആ കുഞ്ഞു മുഖത്ത് ചുളിവുകൾ വീണു. അവനിലെ നിദ്രയുടെ ആഴം കൂടുതലാണെന്ന് മനസിലായ കാർത്തുമ്പിയുടെ അടുത്ത ലക്ഷ്യം കുഞ്ഞുവാവയാണ്.