ആഘോഷിക്കുകയാണ്.. അവൾ പറഞ്ഞപോലെ
തറവാട്ടിൽ എല്ലാവരും എത്തിയിട്ടുണ്ട്… ഒരു
ഉത്സവത്തിന്റെ ലഹരിയാണ് ഇപ്പോൾ അവിടെ…
അവളുടെ ചിരിയും കളിയും നോക്കി
അപ്പുവും അനന്തുവും ഉമ്മറത്ത് ഇരുന്നു…..
ഞങ്ങൾ വന്നിട്ടുണ്ടെന്ന് അറിഞ്ഞ് കുട്ടൻ
അപ്പോഴാണ് വരുന്നത്.. അവനെ കണ്ടതും അച്ചു
പടിപ്പുരയിലേക്ക് ഓടി ചെന്നു…..
“കുട്ടാ…നീ മാത്രേള്ളൂ..?അവരെ എന്താ കൊണ്ട്
വരാഞ്ഞേ..?”
“ഞാൻ ഇപ്പൊ കടേന്ന് ആണ്… നീ വന്നൂന്ന് അറിഞ്ഞിട്ട് വന്നില്ലേൽ നീ എന്നെ കൊല്ലില്ലേ…”
“ഉവ്വ്…നീ കേറി വാ….അവര് ഉമ്മറത്ത് എന്തോ
ഗൂഢാലോചന നടത്തിണ്ട്..”
അവർ രണ്ടുപേരും നടന്ന് ഉമ്മറത്തേക്ക് കയറി…
കുട്ടൻ അവരുടെ കൂടെ തിണ്ണയിൽ കയറി
ഇരുന്നു.. പിന്നെ നാട്ടുവിശേഷങ്ങളും വീട്ടു
വിശേഷങ്ങളുമായി… സന്ധ്യയായത് പോലും അവർ അറിഞ്ഞില്ല…..
രാത്രി അച്ചുവിന്റെ ഞെരുങ്ങി അമർന്നുള്ള കരച്ചിൽ കേട്ടാണ് അപ്പു എണീറ്റത്….
“അച്ചു… എന്താടാ..!” അവൻ അവളുടെ തലയിലെ
കുറ്റിരോമങ്ങളിലൂടെ കൈയോടിച്ചു…
“വയ്യ…വേദനിക്കുന്നു…”
അടുത്ത കീമോ എത്രയും പെട്ടെന്ന് വേണം
എന്നതിന്റെ മുന്നറിയിപ്പാണ് ഈ വേദന എന്ന്
അവന് വ്യക്തമായിരുന്നു…
പെയ്ൻ കില്ലർ ഒരെണ്ണം കൊടുത്ത് തൽക്കാലം അവളെ കിടത്തിയുറക്കി.. പിന്നീട് അവൻ ഒരു പോള കണ്ണടച്ചില്ല… കുറച്ച് കാലമായി അവന്റെ രാത്രികൾ ഇങ്ങനെയാണ്….
രാവിലെ അവൾ ഉണർന്നു….. വേദന
കുറഞ്ഞതാണോ പുറത്ത് കാണിക്കാത്തതാണോ
എന്ന് അവൾക്ക് മാത്രമേ അറിയൂ.. കുളി കഴിഞ്ഞ്
പൂജാ മുറിയിൽ കയറി ചിലങ്ക എടുത്ത് അവനെ
വിളിച്ചുണർത്തി….
“അപ്പുവേട്ടാ….താളം പിടിച്ച് തര്യോ….?”
“നീ…ഈ പുലർച്ചെ തന്നെ തൊടങ്ങിയോ… കുറച്ച്
കഴിയട്ടെ..”
“ഇല്ല ഇപ്പൊ തന്നെ വേണം.”
അവളുടെ വാശിക്ക് മുന്നിൽ അവൻ തോറ്റു
കൊടുത്തു.. കുളിച്ച് വന്ന് തബലയ്ക്ക് മുന്നിൽ
ഇരുന്നു.. അവൾ എന്തൊക്കെയോ ചൊല്ലുന്നുണ്ട്
അതോടൊപ്പം കൈകൾ കൊണ്ട് എന്തൊക്കെയോ കാണിക്കുന്നു…….
അവൾ അല്പനേരം കണ്ണടച്ച് നിന്ന് എന്തോ ഓർത്തു….
“അപ്പുവേട്ടാ… ഈ താളത്തിൽ…തക തകിട തം
തനന…തക തകിട തം തനന…”
ഗണപതികൈ കൊട്ടി അവൻ തബലയിൽ ആ
താളം പിടിച്ചു.. മുന്നേ ചിട്ടപ്പെടുത്തി വെച്ചിരിക്കുന്ന ചുവടുകൾ അവൾ ഒപ്പം ചവിട്ടി..
ഇടയ്ക്ക് നിർത്തിയിട്ട് പതുക്കെ കൊട്ടാനും താളം
മുറുക്കി കൊട്ടാനും അവൾ പറയും.. അവൾ
ഇപ്പോൾ പെട്ടെന്ന് ക്ഷീണിക്കുന്നു… പണ്ടത്തെ
ആ ചുറുചുറുക്ക് ഇപ്പോൾ ഇല്ലാത്ത പോലെ..
നാലു ചുവട് വെക്കുമ്പോഴേക്കും അവൾ തളർന്നിരുന്നു.. ഇതെല്ലാം കാണുമ്പോൾ
അവനിൽ എന്തെന്നില്ലാത്ത ഒരു ഭയം.. പക്ഷേ
അവന് ഇത് ചെയ്ത് കൊടുത്തേ പറ്റൂ…
അവൾക്ക് വേണ്ടി ചെയ്യാൻ ഒരു പക്ഷേ ഇനി സമയം ലഭിച്ചില്ലെങ്കിലോ…..
ദിവസങ്ങൾ കടന്നു പോയി…….
ഇന്നാണ് കലാക്ഷേത്രത്തിലെ കുട്ടികളുടെ
നൃത്തസന്ധ്യ… അവൾ ഒരുങ്ങുകയാണ്……
കണ്ണുകൾ നീട്ടിയെഴുതി…. കൊഴിഞ്ഞു പോയ പുരികങ്ങൾ വരച്ചു ചേർത്ത്.. ചുണ്ടിൽ കടുചുവപ്പ് ഛായം തേച്ച്… മയിൽപ്പീലി നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് അവൾ നിന്നു….