അവൻ എന്നെ കടന്ന് നടന്നു… ആ ചമ്മൽ മറച്ചു
പിടിച്ച് ഞാൻ അവന്റെ ഒപ്പം എത്താൻ നടന്നു….
“അവള് എവിടെ പോയ്…?”
എന്റെ ഈ പുതിയ ജിജ്ഞാസ കണ്ട് അവന് ചിരി
വന്നു….
“അവൾ ആ കലാക്ഷേത്രത്തിലിണ്ട്.. അവ്ടെന്ന്
കൂട്ടണം…”
അത് കേട്ടപ്പോൾ ഒരു സമാധാനം…. കൂടുതലൊന്നും ചോദിക്കാതെ ഞാൻ വേഗം നടന്നു…..
കലാക്ഷേത്രത്തിന്റെ മുന്നിൽ അവൾ ഞങ്ങളെ
കാത്ത് നിൽപ്പുണ്ടായിരുന്നു…. രണ്ട് വശത്ത്
മെടഞ്ഞിട്ട അവളുടെ നീളൻമുടിയുടെ തുമ്പിൽ
ഒരു കൂവളത്തില തിരുകി വെച്ചിട്ടുണ്ട്….
നെറ്റിയിലെ ചന്ദനകുറിയും , നീട്ടി എഴുതിയ കണ്ണും…. അന്ന് ആദ്യമായിട്ടാണ് അവളെ കാണുന്നതെന്ന് എനിക്ക് തോന്നി…..
ഞങ്ങളെ കണ്ടപ്പോൾ താഴെ ഇറക്കി വെച്ചിരുന്ന ബാഗ് തോളിലേക്ക് ഏറ്റി അവൾ പിന്നാലെ കൂടി..
അടുത്ത തിരിവിൽ നിന്ന് ഞങ്ങളുടെ ഒപ്പം കുട്ടനും കൂടി… പതിവില്ലാതെ കാന്താരി ഇന്ന് മിണ്ടാപൂച്ചയാണ്….
എനിക്ക് അവളോട് മിണ്ടണം എന്ന് മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു…. അനന്തു കുട്ടന്റെ കൂടെ അല്പം വേഗത്തിൽ നടന്നു.
ഇന്ന് ഞാൻ ആണ് പതിവില്ലാതെ അവളോട് കേറി
സംസാരിച്ചത്….
“അച്ചൂ….ഇന്നലെ കുറെ തല്ല് കിട്ടിയോ..?”
“ഏയ്… രണ്ടണ്ണം…”
“വെല്ല ആവശ്യണ്ടാർന്നാ…നീ എന്തിനാ ആ മഴേത്ത് അവിടെ വന്നിരുന്നേ…?”
“അത് മഴ വന്നപ്പോ കേറി നിന്നതല്ലേ…”
“കുളക്കടവിലോ… അപ്പൊ നിനക്ക് വീട്ടിക്ക്
കേറായിരുന്നില്ലേ…”
“അത് പിന്നെ…”
“ഏത് പിന്നെ…”
“സത്യം പറഞ്ഞാൽ… കുളത്തിൽ മഴ പെയ്യണ
കാണാൻ വന്നതാ..”
“ചെറിയ വട്ടൊന്നും അല്ലാലേ…?”
“വട്ടോ… കുളത്തിൽ മഴ പെയ്യുന്ന കണ്ടിണ്ടോ.. നല്ല രസാ… വെള്ളത്തിൽ മഴത്തുള്ളി വന്ന് വീഴുന്ന
ശബ്ദം ശ്രദ്ധിച്ചിട്ടുണ്ടോ..?”
“ഇല്ല.. എനിക്ക് നിന്നെ പോലെ വിട്ടില്ലല്ലോ..”
“ഹ്ം… ഒന്ന് കേട്ട് നോക്കു…ഒരു താളണ്ട് … അതേ
താളാ ചില നേരത്ത് എന്റെ ചിലങ്കയ്ക്കും.”
“ഹോ…മനസ്സിലായേ… അല്ല ഇപ്പൊ എന്താ
കലാക്ഷേത്രത്തില്..?”
“ടീച്ചറെ കാണാൻ വന്നതാ.. ഒരു കിടുക്കൻ
ആശയം കിട്ടി ഇന്നലെ…. അത് ഒന്ന് ചിട്ടപ്പെടുത്തി
തരാൻ പറയാൻ…”
“ആ… എന്നിട്ട് ഞങ്ങൾക്കൊക്കെ എന്ന് കാണാൻ
പറ്റും ഡാൻസ്….”
“അപ്പുവേട്ടന് നാളെ കാണാലോ..”
“എങ്ങനെ..?”
“അതൊക്കെ ഇണ്ട്.”
ഓരോന്ന് പറഞ്ഞ് നടന്ന് ഞങ്ങൾ കവലയിൽ
എത്തി….ഇനി രണ്ട് പേരും രണ്ട് വഴിക്ക് ആണ്… അവൾക്ക് അവിടെ നിന്നാൽ സ്കൂൾ ബസ് കിട്ടും… ഞങ്ങൾക്ക് ഇത്തിരി നടന്നാലേ ബസ്
കിട്ടുള്ളൂ….