” ചിരിക്കാതെ കാര്യം പറ ടീച്ചറെ “
കാര്യമറിയാൻ വിധു ദൃതി കാട്ടി.
” അയാൾക്ക് എന്നോടുള്ള ഇഷ്ടം എത്രത്തോളം വലുതാണെന്ന് ബോധ്യമാകുന്ന ദിവസം മാത്രമെ ഞാൻ അയാളെ ഭർത്താവായി അംഗീകരിക്കു എന്ന് പറഞ്ഞു.”
” അപ്പൊ അതാണ് കാര്യം.”
വിധുവിന് സമാധാനമായി.
ഈ സമയം മുറിക്ക് പുറത്ത് നിന്ന് പരുങ്ങി കളിക്കുന്ന പാപ്പിയെ കണ്ട് അമ്മച്ചിക്ക് പന്തികേട് തോന്നി.
” നീയെന്താ ഇവിടെ കിടന്ന് ചുറ്റി കളിക്കുന്നെ ? പുറത്തോട്ടൊന്നും പോകണ്ടായോ ? “
അമ്മച്ചി ചോദിച്ചു.
” പോണം അമ്മച്ചി. പോകാൻ തുടങ്ങുവായിരുന്നു.”
പാപ്പി പരുങ്ങികൊണ്ട് പറഞ്ഞു.
” എന്നാ വാ നമ്മക്ക് ഒരുമിച്ചു പോകാം.”
” അമ്മച്ചി എങ്ങോട്ടാ ? “
” നമ്മടെ കറിയാച്ചന്റെ വീട് വരെ “
” അവിടെ എന്നാറ്റിനാ ? “
” അവന്റെ ഇളയത് പെറ്റിരിക്കുവാ, പെൺകുഞ്ഞാ. നിനക്ക് കാണണ്ടായോ ? ” അമ്മച്ചി ചോദിച്ചു.
” വേണ്ട അമ്മച്ചി ഞാൻ പിന്നെ കണ്ടോളാം “
” എന്നാ ശെരി,നീ എന്നെയൊന്ന് അവിടം വരെ കൊണ്ട് ചെന്നാക്ക്.”
” അമ്മച്ചിക്ക് നടന്ന് പോയാപ്പോരേ “
” ഈ വയസാം കാലത്ത് ഞാൻ അത്രയും ദൂരം നടക്കണമെന്നാണോ നീ പറയുന്നത് ? “
” അമ്മച്ചി വണ്ടിലോട്ട് കേറ്, ഞാൻ കൊണ്ട് വിടാം.”
വേറെ വഴിയില്ലാതെ പാപ്പി സമ്മതിച്ചു.
ശേഷം അമ്മച്ചിയേയും കൊണ്ട് ജീപ്പ് പറപ്പിച്ചു വിട്ടു.