കുട്ടാപ്പി ഒഴിയുന്ന ലക്ഷണമില്ലെന്ന് പാപ്പിക്ക് മനസ്സിലായി. ഉടനെ പോക്കറ്റിൽ നിന്നും ഒരു 2000ത്തിന്റെ നോട്ട് അവന് നേരെ നീട്ടി. നോട്ട് കണ്ട് കുട്ടാപ്പിയുടെ കണ്ണ് മഞ്ഞളിച്ചു.
” മുഴുവൻ തീർക്കരുത്… ബാക്കി കൊണ്ട് തരണം.. ”
പാപ്പി മുന്നറിയിപ്പ് നൽകി.
” ഉവ്വ് ഉവ്വ്… ”
കുട്ടാപ്പി മറുപടി നൽകി.
രാത്രി 8 മണി. തീൻമേശയിൽ ഇരിക്കുകയാണ് പാപ്പിയും,അപ്പൻ മത്തായിയും. അടുക്കളയിൽ നിന്നും ചോറും കറിയുമായി ആനിയും, അമ്മച്ചി മറിയയും, അനിയത്തി മോളിക്കുട്ടിയും വന്നു. അവർ വിഭവങ്ങൾ മേശയിൽ നിരത്തി.
” ആനി.. നീ എവിടെ ഇരിക്ക് മോളെ… ”
പാപ്പിയുടെ അരികിലുള്ള കസേരയിൽ ചൂണ്ടികൊണ്ട് മത്തായി പറഞ്ഞു.
” വേണ്ട അപ്പച്ചാ… നിങ്ങള് കഴിച്ചോ… ഞാൻ കുറച്ചുകഴിഞ്ഞ് അമ്മച്ചിയുടെ കൂടെ കഴിച്ചോളാം ”
ആനി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
” മോളേ… നീ പാപ്പിയുടെ അടുത്ത് ഇരിക്ക്, ഞാൻ വിളമ്പി തരാം..”
അമ്മച്ചി പറഞ്ഞു.
” വേണ്ട അമ്മച്ചി.. ഇവരിപ്പോ കഴിച്ചോട്ടെ, ഞാൻ അമ്മച്ചിയുടെ കൂടെ കഴിച്ചോളാം..”
ആനി അതേ സ്വരം ആവർത്തിച്ചു.
” എന്നാ പിന്നെ എല്ലാവരും ഇവിടെ ഇരിക്ക്.. നമുക്ക് ഒരുമിച്ച് കഴിക്കാം. ”
മത്തായി പരിഹാരം കണ്ടു.
” അതാ നല്ലത്.. ”
അമ്മച്ചിയും അതിനോട് യോജിച്ചു.
ശേഷം എല്ലാവരും മേശക്കു ചുറ്റും വട്ടത്തിൽ ഇരുന്നു. പതിവിൽ നിന്നും വിപരീതമായി ആരോടും ഒന്നും സംസാരിക്കാതെ ചോറുണ്ണുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന യാണ് പാപ്പി.
” പാപ്പി.. നീയെന്താ ഒന്നും മിണ്ടാത്തെ..? ”
അമ്മച്ചി ചോദിച്ചു.
” കെട്ടു കഴിഞ്ഞാൽ പൊതുവെ പെണ്ണിനാണ് നാണം… ഇവന്റെ കാര്യത്തിൽ നേരെ തിരിച്ചാണല്ലോ കർത്താവേ 🤣🤣🤣 ”
പാപ്പിയെ ആക്കി പറഞ്ഞുകൊണ്ട് മത്തായി പൊട്ടിച്ചിരിച്ചു.
അപ്പച്ചന്റെ സംസാരം കേട്ട് പാപ്പിക്ക് ചൊറിഞ്ഞു വന്നു, പക്ഷേ അവനത് പുറത്തു കാണിച്ചില്ല.
” മോളെ ആനി.. എനിക്ക് മോളോട് ഒരു കാര്യം പറയാനുണ്ട്… ”
ആഹാരം കഴിച്ചുകൊണ്ട് മറിയ പറഞ്ഞു.
” എന്താണ് അമ്മച്ചി..? ”
ആനി ചോദിച്ചു.