കൂട്ടുകുടുംബം 1
Kootttukudumbab Part 1 | Author : Sreekuttan
“നീയെന്തെടെക്കുവാടാ അവിടെ……..” അമ്മൂമ്മയുടെ വിളിയാണെന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്. “ടാ….വെറുതെ കരഞ്ഞും വിളിച്ചും അവളേക്കൂടെ വെഷമിപ്പിക്കല്ല്………” അമ്മൂമ്മ ദേഷ്യത്തോടെ എന്നോട് പറഞ്ഞു. അച്ഛൻ്റേയും അമ്മയുടേയും അപ്രതീഷിത മരണം ഞങ്ങൾ രണ്ടുമക്കളെ വല്ലാതെ ഉലച്ചിരുന്നു.നാളെ ചേച്ചിയുടെ വിവാഹമാണ്.ഡിഗ്രി രണ്ടാംവർഷം പഠിക്കുമ്പോഴാണ് ചേച്ചിക്ക് വിവാഹാലോചന വരുന്നത്. ചേച്ചിക്ക് ആദ്യം എതിർപ്പായിരുന്നെങ്കിലും അവിടുത്തെ അച്ഛനും അമ്മയും വന്ന് ചേച്ചിയുമായി സംസാരിച്ചതിനുശേഷം എതിർപ്പുകൾ അലിഞ്ഞില്ലാതെയായി. ചേച്ചി ഇപ്പോൾ വലിയ സന്തോഷത്തിലാണ്.
അമ്മാവൻമാർ വീടുകാണാൻ പോയപ്പോൾ അവരുടെ വീട്ടിലേക്ക് ഞാനും പോയിരുന്നു.പഴയ തറവാടുമോഡലിൽ പണികഴിപ്പിച്ച വീടിനുചുറ്റും വിശാലമായ ചാവടി ഉണ്ടായിരുന്നു. രണ്ടാംനിലയിൽ വിശാലമായ ബാൽക്കണിയും റോഡിൽ നിന്നും വീട്ടിലേക്ക് ഏകദേശം മുന്നൂറുമീറ്റർ നീളത്തിലുള്ള വഴിയിൽ ചതുരത്തിൽ വെട്ടിയെടുത്ത പാറകൾ പാകിയിരുന്നു.വീടിന് ഒരുവശം ടെന്നിസ് കോർട്ട് മറുവശം വിശാലമായ ഗാർഡനും. ഗാർഡന് അപ്പുറമായി വലിയ കുളവും ഞാനതിശയിച്ചുപോയി ഇതിൻ്റെ നാലിലൊന്ന് വലിപ്പമില്ല എൻ്റെ വീടിന്.
“ശ്രുതിമോളുടെ ഭാഗ്യം……..” എൻ്റെ ഇളയ അമ്മാവൻ പതിയെ പറഞ്ഞു. “ഒന്നും പറയണ്ട അവര് കൂടുതലൊക്കെ ചോദിച്ചാ……” മൂത്ത അമ്മാവനാണത് പറഞ്ഞത്. പക്ഷേ അന്നത്തെ സന്ദർശനത്തിൽ അവരൊന്നും ചോദിക്കാനും പറയാനും നിന്നില്ല. അകെയൊരു വിഷമംമാത്രം അവിടെ നാലാൺമക്കളാണ് പെണ്ണെന്നുപറയാൻ അവിടുത്തെ അമ്മമാത്രം. പക്ഷേ വീടെല്ലാം വൃത്തിയായും ഭംഗിയായും ചിട്ടയായും ഒരുക്കിയിരിക്കുന്നു. അടുത്തുള്ള ടൗണിലെ പ്രധാന ബിസിനസ്സുകാരനാണ് പട്ടാളത്തിൽനിന്നും വിരമിച്ച മോഹനൻ അതായത് അവിടുത്തെ അച്ഛൻ. ഏറ്റവും മൂത്തമകനായ ഗിരീഷ് സാറിനുവേണ്ടിയാണ് ചേച്ചിയെ ആലോചിച്ചത്.
സാറ് ക്ലാസെടുത്താൽ ആ പഠിപ്പിക്കുന്ന ഭാഗം ആരും പെട്ടെന്ന് മറക്കില്ല. അദ്ധ്യാപനശൈലിയിൽ ഒരു പുതിയ തിയറിതന്നെ സാറ് കണ്ടുപിടിച്ചിരുന്നു. ഇടക്കിടെ സാറ് പറയുന്ന തമാശകളിൽ കുട്ടികളുടെ ചിരികളല്ലാതെ മറ്റൊരു ശബ്ദവും ക്ലാസിലുണ്ടാവാറില്ല. മുപ്പതുവയസ്സിൽ ഒരു ജീവനുള്ള വിക്കിപീഡിയയായിരുന്നു സാർ.
ചേച്ചിയും സാറും പത്തുവയസ്സിൻ്റെ വ്യത്യാസമുണ്ടെങ്കിലും രണ്ടോ മൂന്നോ വയസ്സിൻ്റെ വ്യത്യാസമേ ആരുകണ്ടാലും പറയൂ.ചേച്ചിയുടേയും സാറിൻ്റേയും വിവാഹം ഭംഗിയായിത്തന്നെ നടന്നു. ആദ്യത്തെ ബുദ്ധിമുട്ടൊക്കെ മാറി ഞാൻ ഒറ്റക്കുള്ള ജീവിതം ആസ്വദിച്ചുതുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ചേച്ചിയും അളിയനും വീട്ടിലെത്തി.