അദ്ധ്യായം 2 ഉദയം
Adhyayam Part 2 Udayam | Author : PranayaRaja
Previous Part
കേരളത്തിലെ കോഴിക്കോട് കടപ്പുറം. കാമ്പുറം ബീച്ച് , അവിടെയാണ് ആ തോണി കരക്കടിഞ്ഞത്. വള്ളം കാലി ആയിരുന്നു. മത്സ്യം ഒന്നും തന്നെ ഇന്നയാൾക്ക് ലഭിച്ചില്ല. കരയിലേക്കടുപ്പിച്ച വെള്ളത്തിൽ ആ മനുഷ്യനും പിന്നെ, കൂടയിലെ കൈ കുഞ്ഞും മാത്രം.ആ കൂടയിലെ കുഞ്ഞിനെ അയാൾ ഒന്നു നോക്കി, ആ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരി വിടർന്നു. പതിയെ കുഞ്ഞിനേയും കൊണ്ടയാൾ , കുടിലിലേക്കു നടന്നു.
ഒരു കൈ കുഞ്ഞുമായി കാളി പോകുന്നത് എല്ലാരും നോക്കി നിന്നു. പലരും പലതും പതിയെ സംസാരിച്ചു. ആ അടക്കം പറച്ചിൽ എല്ലാം അയാളുടെ കാതുകളും അറിഞ്ഞിരുന്നു. രൂക്ഷമായി അവരെ നോക്കിയ നിമിഷം എല്ലാരും അവരവരുടെ കുടിലിൽ പോയി.
കാളി, ചിരിയും കളിയുമായി ജീവിച്ച ഒരു മുക്കുവൻ, ഇന്നയാൾക്ക് ചിരിക്കാനറിയില്ല. സ്ഥായിയായ ഭാവം ദേഷ്യം മാത്രം. എന്തിനോടാണ് ദേഷ്യം എന്നു ചോദിച്ചാൽ കാളിക്കും ഉത്തരം മുട്ടും. എല്ലാത്തിനോടും ദേഷ്യമാണ് കാളിക്ക്.
ആദ്യമായാണ് കാളി അനുകമ്പ എന്ന വികാരം പുറത്തു കാണിക്കുന്നത്. വർഷങ്ങൾക്കു ശേഷം, അതും കടലിൽ നിന്നും കിട്ടിയ ഒരു ചോരക്കുഞ്ഞിനോടു മാത്രം. ആര്, എന്ത്, എന്നൊന്നും കാളിക്കറിയണ്ട, ഇന്നവന് അഭയം കാളി നൽകുന്നു. പുച്ഛത്തിൽ കലർന്ന ഒരു അഭയം.
തൻ്റെ കൂരയിൽ ഒരു കോണിൽ കൂടയും വെച്ച് തൻ്റെ ഷർട്ട് ഊരി അയലിലിടു. ശേഷം സ്ഥിരം പലവി. മദ്യം ഗ്ലാസ്സിൽ പകരുന്നതിലും വേഗം തീർന്നു കൊണ്ടിരുന്നു. ഒടുക്കം ബോധം മദ്യത്തിനടിമപ്പെട്ട് ഉൻമാദ ലോകത്തേക്ക് പാറിപ്പറന്നു.
വഞ്ചകി……….
എടി , എരണം കെട്ടവളേ…..
ദാക്ഷായണീ……
പിറു പിറുത്തു ഒടുക്കം കയർപിരി കട്ടിലിൽ കിടന്നു മയങ്ങി. രാത്രിയുടെ ദൈർഘ്യം കൂടി കൂടി വന്നു. കുഞ്ഞു വയറും വിശപ്പിനടിമയായി…. അവൻ്റെ ശബ്ദകാഹളം ആ കുരയിൽ അലതല്ലി.
കടൽ രുദ്ര ഭാവം സ്വീകരിച്ചു, കാറ്റ് അതി ശക്തമായി, വീശി, ഇടിയും മിന്നലും മഴയെ മണ്ണിലേക്ക് ആനയിച്ചു. ആ കുഞ്ഞു ശബ്ദം ഉയരും തോറും പ്രകമ്പനം കൊണ്ടത് പ്രകൃതിയാണ്, കാർമേഘ പൂരിതമായ ആകാശത്തിലും ചന്ദ്രൻ വ്യക്തതയോടെ തെളിഞ്ഞു നിന്നു.
പ്രകൃതിയിലെ മാറ്റമോ, കുഞ്ഞിൻ്റെ കരച്ചിൽ ശബ്ദമോ… അർദ്ധബോധാവസ്ഥയിൽ കാളി ഉണർന്നു. അവൻ ആ കുഞ്ഞു ശബ്ദം കാതോർത്തു, മുഖത്ത് പുച്ഛം മാത്രം.