“ആ നിമിഷം തീരുമാനിച്ചതാണ് ശേഷിച്ച ജീവിതം ഇനി നിത്യാനന്ദമയി അമ്മയുടെ ആശ്രമത്തിലാകാം എന്ന്…മോള്‍ ജോയലിനോടൊപ്പം പോയാല്‍! ഇല്ലെങ്കില്‍ മോള്‍ക്ക് വേണ്ടി ഇവിടെ വിട്ട് തറവാട്ടില്‍ പോയി താമസിക്കാം എന്ന്! നിങ്ങളോടൊപ്പം ഇനിയില്ല എനിക്ക് ജീവിതം!”
അത് കേട്ട് അയാളുടെ മുഖത്ത് ഭീദി പരന്നു.
“ജോയലിന്റെ കൂടെയോ? എന്ത് ഭ്രാന്താ നീയീ പറയുന്നേ സാവിത്രി?”
“അതേ ജോയലിന്റെ കൂടെ!”
പിമ്പില്‍ നിന്നും ഗായത്രിയുടെ സ്വരം കേട്ട് അയാള്‍ ഞെട്ടിത്തിരിഞ്ഞു.
“എന്‍റെ പൊന്നുമോളെ!”
സാവിത്രി അവളുടെ നേരെ ഓടിച്ചെന്നു. അവള്‍ക്ക് പിമ്പില്‍ ജോയല്‍ നില്‍ക്കുന്നത് അവര്‍ കണ്ടു. അവര്‍ അവളെ ആശ്ലേഷിച്ചു. ജോയലിന്റെ നേരെ നന്ദി സൂചകമായി കൈകള്‍ കൂപ്പി.
ജോയല്‍ പക്ഷെ അവരുടെ കൈകള്‍ പിടിച്ചു താഴ്ത്തി.
“അരുത് അമ്മെ!”
അവന്‍ പറഞ്ഞു.
“അടുക്കരുത്!”
പദ്മനാഭന്‍ തമ്പിയുടെ ഭീഷണമായ സ്വരം കേട്ട് മൂവരും തിരിഞ്ഞു നോക്കി. കയ്യില്‍ തോക്കുമായി, അത് ജോയലിന് നേരെ ചൂണ്ടി പദ്മനാഭന്‍ തമ്പി. ഗായത്രി അത്കണ്ട് പുഞ്ചിരിച്ചു.
“ആരുടെ നേരെയാണ് തോക്ക് ചൂണ്ടി നില്‍ക്കുന്നത്?”
അവള്‍ ചോദിച്ചു.
“കാശിത്തുമ്പയെടുത്ത് കൊടുംകാടിന്‍റെ നേരെ കാണിച്ചാല്‍ അത് പേടിക്കുമോ, മിസ്റ്റര്‍ പദ്മനാഭന്‍ തമ്പി?”
ഗായത്രി തന്നെ പേര് ചൊല്ലി വിളിച്ചത് കേട്ട് അയാള്‍ തീവ്രവിസ്മയം പൂണ്ടു.
“സ്വന്തം പപ്പയെ നോവിച്ചു കൊന്നത് അച്ഛനല്ല ആരായാലും ശിക്ഷ അര്‍ഹിക്കുന്നു എന്ന് ഞാന്‍ ജോയോടു പറഞ്ഞിരുന്നു…”
ഗായത്രി, വിയര്‍പ്പില്‍ മുങ്ങിയ മുഖത്തോടെ നില്‍ക്കുന്ന അച്ഛനെ നോക്കിപ്പറഞ്ഞു. “പക്ഷെ ജോ പറഞ്ഞത്…”
അയാളുടെ കണ്ണുകളില്‍ നിന്നും നോട്ടം പിന്‍വലിക്കാതെ ഗായത്രി പറഞ്ഞു.
“താന്‍ കൊന്നയാളുടെ മകന്‍റെയൊപ്പമാണ് തന്‍റെ ഒരേയൊരു മകള്‍ താമസിക്കുന്നത് എന്ന അറിവിനപ്പുറം വലിയ ഒരു ശിക്ഷ മറ്റെന്താണ് എന്നാണ്!”
ഗായത്രിയുടെ വാക്കുകള്‍ക്ക് മുമ്പില്‍ അയാള്‍ വീണ്ടും പകച്ചു.
“നീ ആരുടെ കൂടെ ജീവിക്കുന്നെന്നാ പറഞ്ഞെ?”
തോക്ക് മുമ്പില്‍ നില്‍ക്കുന്നവരുടെ നേരെ ചൂണ്ടിക്കൊണ്ട് പദ്മനാഭന്‍ ചോദിച്ചു. ഒരു കൈകൊണ്ട് അയാള്‍ വിയര്‍പ്പ് തുടച്ചു.
അവര്‍ മുമ്പോട്ട് വന്നുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ പിമ്പോട്ടു നീങ്ങിക്കൊണ്ടിരുന്നു.
“ശിക്ഷ, ഏറ്റവും ഭീകരമായ ശിക്ഷ അര്‍ഹിക്കുന്ന തെറ്റാണ് ചെയ്തത്!”
ഗായത്രി തുടര്‍ന്നു. ജോയലും അവള്‍ക്കൊപ്പം അയാളുടെ നേരെ ചുവടുകള്‍ വെച്ചു.
“ഗവര്‍ണ്ണറാണ്….”
അയാള്‍ ഭീഷണമായ സ്വരത്തില്‍ പറഞ്ഞുകൊണ്ട് പിമ്പോട്ടു നീങ്ങി.