അവന്‍ മന്ത്രിച്ചു. രവി ചന്ദ്രനാണ് മെസേജ് അയച്ചിരിക്കുന്നത്! അവന്‍ വാട്ട്സ് ആപ്പ് തുറന്നു.
“യൂ ഹാവ് എ വിസിറ്റര്‍. കം റ്റു മൈ ഓഫീസ്!”
ഈ സമയത്ത് ആരായിരിക്കും? സ്വയം ചോദിച്ചുകൊണ്ട് ജോയല്‍ നോര്‍ത്ത് ബ്ലോക്കിലേക്ക് നടന്നു. കോറിഡോര്‍ കടന്ന് കോര്‍ണറിലേക്ക് നീങ്ങി. ഡോര്‍ തുറന്ന് കിടന്നിരുന്നു. അവനകത്ത് കടന്നു. രവി ചന്ദ്രനുണ്ട് ചെയറില്‍. അയാള്‍ക്കഭുമുഖമായി ഒരു സ്ത്രീയും പുരുഷനുമിരിക്കുന്നു. നല്ല ഉയരമുള്ള, ട്വീഡ് സ്യൂട്ട് ധരിച്ചയാള്‍. സ്ത്രീയുടെ വേഷം സാരിയാണ്. ഇന്ത്യന്‍ ആണ് അപ്പോള്‍. ഇന്ത്യക്ക് വെളിയില്‍ സ്ത്രീകള്‍ സാരി ധരിക്കുമ്പോള്‍ അവര്‍ കൂടുതല്‍ സുന്ദരിമാരാകുന്നു. ജോയല്‍ അവരെ സമീപിച്ചു.
“ആഹ്, ജോയല്‍!”
അവനെക്കണ്ട് രവിചന്ദ്രന്‍ പുഞ്ചിരിച്ചു.
“വാ…”
അവന്‍ ആഗതരുടെ സമീപമെത്തി. അവര്‍ അവനെക്കണ്ട് തിരിഞ്ഞു. ഒരു നിമിഷം താന്‍ നില്‍ക്കുന്ന പരിസരമവന്‍ മറന്നു. വിസ്മിത നേത്രങ്ങളോടെ അവന്‍ അവരെ മാറി മാറി നോക്കി. അവര്‍ അപ്പോള്‍ അവനെതിരേ എഴുന്നേറ്റു.
“രാകേഷ്….!”
ജോയല്‍ രാകേഷിനെ ആലിംഗനം ചെയ്തു. പിന്നെ അവന്‍ കൂടെയുള്ള സ്ത്രീയുടെ നേരെ തിരിഞ്ഞു.
“റിയേ! എന്‍റെ….”
സുഖദവും ദീര്‍ഘവുമായ ആലിംഗനത്തിന്റെ മാസ്മരികതയില്‍ അവരമര്‍ന്നു. അതിനു ശേഷം അവര്‍ മൂവരും നിര്‍ന്നിമേഷരായി നോക്കി നിന്നു.
“തടിച്ചു നീ…”
റിയ മുഷ്ടിചുരുട്ടി അവന്‍റെ തോളില്‍ ഇടിച്ചു.
“വൈസ് ചെയര്‍മാന്‍ പണിയൊന്നും ചെയ്യുന്നില്ലേ? ഇല്ലേ രവീ?”
അവള്‍ രവി ചന്ദ്രനെ നോക്കി.
“ഒന്ന് പോടീ…”
അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് ജോയല്‍ വികാരഭരിതനായി പറഞ്ഞു.
“രാകേഷേ, പറഞ്ഞെ…പറഞ്ഞെ സ്റ്റോറി…”
അവന്‍ അവര്‍ക്കഭിമുഖമായി ഇരുന്നു. സംഘത്തിലെ പലരും മൊള്‍ഡോവയിലെത്തിയ ശേഷം പലവിധ മാനസിക അസുഖങ്ങള്‍ക്കും വശംവദരായിരുന്നു.
“സിനിമകളിലും കഥകളിലും മാത്രമേ കൊലപാതകികള്‍ കൂളായി ഭാവി ജീവിതം ജീവിക്കാറുള്ളൂ…”
മൊള്‍ഡോവയിലെത്തിയ ആദ്യ വര്‍ഷം കിസിനാവു ഹോസ്പിറ്റല്‍ ഓഫ് സൈക്ക്യാട്രിയുടെ മേധാവി നതാലിയ റോസ്ക്കാ കൌണ്‍സിലിംഗിനിടെ തന്നോട് പറഞ്ഞത് ജോയല്‍ ഓര്‍ത്തു.
“സാഹചര്യം കൊണ്ട് കൊലപാതകികളാകേണ്ടി വന്നവര്‍ എപ്പോഴും കൂടെ ഒരു സെല്‍ഫ് മേഡ് ജയിലുമായാണ് നടക്കുന്നത്. കുറ്റബോധവുത്തിന്‍റെ ചിലന്തി വലയ്ക്കകത്ത് ആണവര്‍ കഴിയുന്നത്. സ്വയം വെറുപ്പും ആത്മഹത്യാശ്രമവുമൊക്കെ അവര്‍ക്കിടയില്‍ സര്‍വ്വസാധാരണമാണ്…”