ഇനിയൊരിക്കലും നാട്ടിലേക്ക് വരില്ലെന്ന് ഖാലിദ് ഉറപ്പിച്ചു. തന്റെ പെങ്ങളെ ഇനി കണ്ടെന്നു വരില്ലെന്നും അയാൾക്ക് മനസ്സിലായി. ഖാലിദിന്റെ മനസ്സിൽ കാടും കല്യാണിയും ബിസിനസ്സും മാത്രമായിരുന്നു. അയാൾ അയാളുടെ ആ ലോകത്തേക്ക് തിരിച്ചു പോയി..
രാത്രി തുടർച്ചയായ മുട്ടുകേട്ടാണ് നസീബ വാതിൽ തുറന്നതു. വീട്ടു മുറ്റത്ത് രണ്ടു പോലീസുകാർ നിൽക്കുന്നു. നസീബയെ കണ്ടതും അവർ മുന്നോട്ടു വന്നു.
പോലീസ്: നിങ്ങൾ ഇലഞ്ഞിക്കൽ ആണോ ജോലി ചെയുന്നത്?
നസീബ: അതെ. എന്താണ് സർ കാര്യം?
പോലീസ്: അതൊക്കെയുണ്ട്, നിങ്ങൾ ഇന്ന് ഇപ്പോളാണ് വീട്ടിലേക്കു വന്നത്?
പോലീസുകാർ ചോദ്യങ്ങൾ തുടർന്നു. നസീബക്ക് ആകെ പന്തികേട് തോന്നി. പോലീസ് ഒന്നും വിട്ടു പറഞ്ഞില്ല. അവർ പോയതും നസീബ സലീനയെയും കൂട്ടി ഇലഞ്ഞിക്കലേക്കു വേഗം നടന്നു. അവിടെ ആൾക്കൂട്ടം കണ്ടതോടെ നസീബയുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. അവൾ മുൻവശത്തെത്തിയപ്പോൾ മേനോന്റെ ശരീരം ആംബുലൻസിൽ കയറ്റുന്നതാണ് നസീബ കണ്ടത്. അവളുടെ കണ്ണിൽ ഇരുട്ട് കയറി.
അടക്കവും മറ്റും കഴിഞ്ഞതോടെ എല്ലാവരും പിരിഞ്ഞു . കൃഷ്ണദാസ് കുറച്ചു ദിവസങ്ങൾക്കു ശേഷം തിരിച്ചു പോയി. വീട്ടിൽ ചന്ദ്രികയും ആതിരയും തനിച്ചായി. നസീബക്ക് തന്റെ ജീവിതം വഴി മുട്ടിയ പോലെ ആയി. തനിക്കു സംരക്ഷണം തന്ന ആൾ പോയി. ഇനി താനും മകളും എങ്ങനെ ജീവിക്കും? ആര് തങ്ങൾക്കു സംരക്ഷണം തരും? ഒരായിരം ചിന്തകൾ നസീബയുടെ മനസ്സിലൂടെ കടന്നു പോയി.
നാട്ടിലാർക്കും മേനോന്റെ കൊലപാതകം വിശ്വസിക്കാൻ കഴിഞ്ഞില്ല. പലർക്കും മേനോനെ അത്രക്ക് ഇഷ്ടമല്ലെങ്കിലും ആരും ഇങ്ങനെ ഒരു മരണം മേനോന് വരണമെന്ന് ആഗ്രഹിച്ചിരുന്നില്ല.
പക്ഷെ ഒരാൾ അപ്പോൾ അതിയായി സന്തോഷിക്കുന്നുണ്ടായിരുന്നു. വര്ഷങ്ങളായി മേനോന്റെ അന്ത്യം ആഗ്രഹിച്ചിരുന്ന അയാൾക്ക് വീണു കിട്ടിയ സൗഭാഗ്യമായി ഈ മരണം മാറി.
തുടരും