ദിവാകരേട്ടന്റെ മോള് ദിവ്യ
Divakarettante Molu divya bY Praveen
ദിവാകരേട്ടൻ ഒരു ഗുണ്ടയാണ്. ആറടി പൊക്കം, അതിനൊത്ത തടിയും. മണൽ വാരലും പുഴപ്പണികളുമാണ് ജോലി. ഒരുമിച്ചു പണിയെടുത്തും കുടിച്ചും തിന്നും നടക്കുന്ന മൂന്നു സുഹൃത്തുക്കളോടൊഴിച്ചാൽ ദിവാകരേട്ടനുമായി പൊതുവെ നാട്ടുകാർക്ക് സംബർക്കമില്ല. എല്ലാവർക്കും ദിവാകരേട്ടനെ പേടിയാണ്. എനിക്കും.
ഒന്ന് രണ്ട് തവണ പുഴയോരത്തു വന്ന കോളേജ് പിള്ളാർ ദിവാകരേട്ടന്റെ തെറിയഭിഷേകം മുഴുവൻ കേട്ടിട്ടാണ് പോയത്. എതിർത്ത് സംസാരിച്ചവന്റെ സൈക്കിളെടുത്തു ദിവാകരേട്ടൻ പുഴയിലേക്കിട്ടു.
കടവിൽ ഒരൊറ്റമുറിപ്പീടികയുണ്ട്. തൂങ്ങിമരിച്ച സുരേന്ദ്രേട്ടന്റെ ഒരു പൊളിഞ്ഞ ഒറ്റമുറിപ്പീടിക. പൊളിഞ്ഞുതുടങ്ങി. വൈകുന്നേരമായാൽ അതിന്റെ തിണ്ണയിൽ ദിവാകരേട്ടന്റെയും കൂട്ടുകാരുടെയും കള്ളുസഭയാണ്. ഒച്ചയും ബഹളവും തെറിയും തമ്മിലടിയുമൊക്കെയാണ് പിന്നെ. അങ്ങനെയൊക്കെയാണേലും മദ്യം അകത്തു ചെന്നാൽ ദിവാകരേട്ടൻ പാടും. ദിവാകരേട്ടൻ നന്നായിത്തന്നെ പാടും. അപ്പോൾ ദിവാകരേട്ടൻ ഗുണ്ടയല്ല, ഗായകനാണ്. ഒഴിഞ്ഞ കുപ്പിയിലും കടവിൽ കയറ്റിയിട്ട വഞ്ചിയിലുമൊക്കെയായി താളം പിടിച്ചു കൊണ്ട് നന്നായിത്തന്നെ പാടും. ആ പാട്ട് പുഴയിലോടെ ഒഴുകും. ചെറു മീനുകൾ പാട്ടിനു ചുറ്റും നൃത്തം വക്കും. മെല്ലെയൊഴുകുന്ന പുഴയിലൂടെ പാട്ട് തത്തി തത്തി ഓരോ കുടിലിലുമെത്തും. അത് കേട്ട് എല്ലാവരും ഉറങ്ങും, ഞാനും.
ദിവ്യ സുന്ദരിയാണ്! വെറും സുന്ദരിയല്ല, അതിസുന്ദരി. പ്ലസ്ടുവിന് പഠിക്കുന്നു. പക്ഷെ ദിവാകരേട്ടന്റെ മോളായത് കൊണ്ട് ആരും മുഖത്തുപോലും നോക്കില്ല. ഞാനും.