അലൻ [Haran]

Posted by

അലൻ | Alan

Author : Haran

അലന്‍റെ ചിന്തകള്‍ക്ക് തീ പിടിച്ചു തുടങ്ങി. ഗോള്‍ഡ്‌ഫ്ലേക്ക് കിങ്ങ്സിന്റെ നീളം കുറഞ്ഞു വരുന്നതും തന്റെ മുന്‍പിലിരിക്കുന്ന ഗ്ലാസ്സില്‍ ഐസ് ക്യൂബ്സ് ഓള്‍ഡ്‌ മങ്ക് റമ്മില്‍ അലിഞ്ഞു ചേരുന്നതും നോക്കിയിരിക്കുമ്പോള്‍ നാളെയെക്കുറിച്ചുള്ള ചിന്തകള്‍ മനസ്സില്‍ കടന്നു വരാതിരിക്കാന്‍ അലന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. മദ്യത്തിന്റെ ലഹരിയില്‍, തന്നെ ബാധിച്ചിരിക്കുന്ന രോഗഭീതിയെ നേരിടാനൊരു വിഫല ശ്രമം.

എന്തു ചെയ്യുമ്പോഴും സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കാന്‍ വേണ്ട നീതിബോധം മനസ്സിലുണ്ടാവാറുണ്ട്. ആ ഒരു അഹങ്കാരത്തില്‍ ചെയ്തുകൂട്ടിയതില്‍ പലതും നീതിയ്ക്കു നിരക്കാത്തതായിരുന്നു എന്നിപ്പോള്‍ തോന്നുന്നു. ആ നശിച്ച രാത്രിയില്‍ ചെയ്ത കാര്യങ്ങള്‍ തന്റെ ജീവിതത്തെ ഇനി തിരിച്ചു കയറാനാകാത്ത വിധം ആഴമുള്ള ഗര്‍ത്തത്തിലേയ്ക്ക് തള്ളിവിട്ടിരിക്കുന്നുവോ?. സ്വയം പഴിക്കാനല്ലാതെ വേറെയൊന്നും ഇനി ഒന്നും ചെയ്യാനില്ല. കത്തിത്തീരാറായ സിഗരെറ്റില്‍ നിന്നുതന്നെ അടുത്തത് കത്തിച്ചു. ഇനിയിപ്പോ അധികം വലിച്ചാലെന്ത്? വീണ്ടും ഒരു പെഗ്ഗൊഴിച്ചു, ഇത്തവണ വെള്ളം ഒഴിക്കാന്‍ തോന്നിയില്ല. ഒറ്റ വലിയ്ക്ക്‌ തീര്‍ത്തു. സോഡയും കൊളയുമോന്നും പണ്ടേ ഇഷ്ടമുള്ളതല്ല റമ്മിനൊപ്പം. ഇതിപ്പോ പെട്ടെന്ന് തലയ്ക്കു പിടിക്കണം, ബാറില്‍ നിന്ന് ഫ്ലാറ്റിലെത്താനുള്ള ബോധം മാത്രം മതി. ദുഃഖം വരുമ്പോള്‍ എത്ര മദ്യപിച്ചാലും  തലയ്ക്കു പിടിക്കാന്‍ പാടാണെന്ന് ആരോ പറഞ്ഞത് ശരിയാണോ. ഒരു ഓട്ടോ പിടിച്ച് ഫ്ലാറ്റിലെത്തി. കിടക്കയിലേക്ക് മറിഞ്ഞു. ഉറക്കം വരുന്നില്ല.

എല്ലാം തന്റെ മാത്രം തെറ്റായിരുന്നോ.. ആലോചിയ്ക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടുന്നില്ല. എല്ലാമൊരു സിനിമാ സ്ക്രീനിലെന്ന വണ്ണം മനസ്സില്‍ വീണ്ടും തെളിയുകയാണ്.

2005 ജൂലൈയിൽ ബോംബെയിലുണ്ടായ വെള്ളപ്പൊക്കം അനേകം പേരുടെ ജീവനെടുത്തിരുന്നു. അന്ന് താമസം ഫസ്റ് ഫ്ലോറിലായിരുന്നത് കൊണ്ട്  താഴെ വച്ചിരുന്ന ബാഗിലുള്ള സാധനങ്ങളെല്ലാം നനഞ്ഞു, അതില്‍ തന്റെ സെര്ടിഫിക്കറ്റുകളും പാസ്പോര്‍ട്ടും നനഞ്ഞെങ്കിലും അതെല്ലാം ഉണക്കിയെടുത്തിരുന്നു. പാസ്പോര്‍ട്ട് മാത്രം മാറ്റേണ്ടി വന്നു. അന്ന് ചുളുവിലയ്ക്ക് കിട്ടിയ മാരുതി എസ്റ്റീമുമായി നാട്ടിലേയ്ക്ക് തിരിക്കുമ്പോള്‍ ഒരു വര്‍ഷമായി അന്യമായിരുന്ന സ്വന്തം നാട് കാണാനുള്ള പൂതി മാത്രമായിരുന്നോ മനസ്സിലുണ്ടായിരുന്നത്? അല്ല, ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി ഫോണ്‍ ചെയ്ത് ചെയ്ത് അടുപ്പത്തിലായ ഗോവക്കാരി ഇസബെല്ലയെ കാണാനും ഒന്ന് രണ്ട് ദിവസം ഒരുമിച്ചു താമസിക്കാനും ഉള്ള പ്ലാനുകളായിരുന്നു മനസ്സ് നിറയെ. വെള്ളപ്പൊക്കമായത് കാരണം ഓഫീസില്‍ നിന്നും രണ്ടാഴ്ചത്തെ ലീവും അനുവദിച്ചു കിട്ടിയിരിക്കുന്നു. മാരുതി വിറ്റാല്‍ എങ്ങനെപോയാലും ഒരു അന്‍പതിനായിരം രൂപ ലാഭം കയ്യില്‍ തടയും. ഗോവയിലിറങ്ങി രണ്ട് ദിവസം ഇസബെല്ലയോടോത്തു സുഖിക്കാനായിരുന്നു കരുതിയിരുന്നത്, പക്ഷെ വിധി എനിയ്ക്ക് വേണ്ടി കരുതി വച്ചത് മറ്റു പലതുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *